പ്രശസ്ത കൗൺസിലർ ഡോ. സജികുമാർ കെ.പി. ATA അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി നിയമിതനായി
കോട്ടയം: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ (ATA) ഇന്ത്യയുടെ അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി ഡോ. സജികുമാർ കെ.പി. നിയമിതനായി. ജയ്പൂരിൽ നടന്ന എടിഎ ഇന്ത്യയുടെ വാർഷിക സമ്മേളനത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡോ. സജി കുമാർ കെ. പി. വർഷങ്ങളായി ദൈവശാസ്ത്ര വിദ്യാഭ്യാസം, സഭാ ശുശ്രൂഷ, നേതൃത്വ പരിശീലനം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു. നിലവിൽ കോട്ടയത്തെ ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു. ബൈബിൾ പ്രഭാഷകൻ, ദൈവശാസ്ത്ര അധ്യാപകൻ, പരിശീലകൻ, കൗൺസിലർ, സഭാ ശുശ്രൂഷകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. ദൈവശാസ്ത്ര/ദൈവവചന അധ്യാപനം, ശുശ്രൂഷകരുടെ പരിശീലനം, സഭയുടെ വിവിധ ശുശ്രൂഷാ മേഖലകൾ ശക്തിപ്പെടുത്തൽ എന്നിവയിൽ അദ്ദേഹം സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും അവയ്ക്ക് അക്കാദമിക് അംഗീകാരവും ഗുണനിലവാര ഉറപ്പും നൽകുന്നതിനും പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ (ATA). ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിലും ATA ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അസിസ്റ്റൻ്റ് റീജിയണൽ സെക്രട്ടറി എന്ന പുതിയ ഉത്തരവാദിത്തത്തിലൂടെ ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ മേഖലയിലും അനുബന്ധ അക്കാദമിക്, ശുശ്രൂഷാ പ്രവർത്തനങ്ങളിലും കൂടുതൽ ഫലപ്രദമായ നേതൃത്വം നൽകാൻ ഡോ. സജികുമാർ കെ. പി.ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.