തിരുവനന്തപുരം: അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ, സംസ്ഥാനത്ത് വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിപ്പു നൽകി. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിലെ ആവശ്യകതയിൽ നിന്ന് 600 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുമുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.