കോന്നി: അച്ചൻകോവിലാറിന്റെ പുതിയകാവ് കടവിൽ കുളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഡെന്നിസ്, സെബിൻ എന്നീ വിദ്യാർത്ഥികൾ മരണമടഞ്ഞു. ചർച്ച് ഓഫ് ഗോഡ് കോന്നി സഭാംഗവും കോന്നി ആനക്കുടിന് സമീപം നെടുങ്ങോട്ടുവിളയിൽ ഷിബുവിന്റെയും ഷേർലിയുടെയും മകനായ ഡെന്നിസ് ഷിബു(16) ആണ് വിദ്യാർത്ഥികളിൽ ഒരാൾ. ഏക സഹോദരി ഡോണ. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കോന്നി പി.എസ്.വി.പി.എം.എച്ച്.എസ്.എസ് സ്കൂളിലെ വോളിബോൾ പരിശീലനത്തിനു ശേഷം മൂന്നു വിദ്യാർഥികളാണ് കുളിക്കാനിറങ്ങിയത്.
ആഴം കുറഞ്ഞതും നീന്തലിന് അനുയോജ്യവുമാണെന്ന് തെറ്റിദ്ധരിച്ചാണ് വിദ്യാർത്ഥികൾ നദിയിലേക്ക് ഇറങ്ങിയതെന്ന് കരുതപ്പെടുന്നു. ഒരു സ്കൂട്ടറിൽ അവർ നദിക്കരയിൽ എത്തിയതായിരുന്നു; അവരോടൊപ്പം നദിയിലേക്ക് ഇറങ്ങിയ മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരയ്ക്ക് എത്തിച്ചു. രണ്ട് വിദ്യാർത്ഥികളെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് അവരെ രക്ഷിക്കാനായില്ല.