ധാരാസിംഗിന്റെ മോചന അപേക്ഷ ഒഡീഷ സര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ധാരാസിംഗിന്റെ ജയില്‍ മോചന അപേക്ഷ ഒഡീഷ സർക്കാർ തള്ളിക്കളഞ്ഞു. പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും വർഗീയ സംഘർഷങ്ങള്‍ക്കും കാരണമായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ശിക്ഷ അവലോകന ബോർഡ് അപേക്ഷ തള്ളിയത്. ദാരാ സിംഗിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തീരുമാനം. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി പറഞ്ഞിരുന്നു.
വർഗീയ പ്രശ്ങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി 2016, 2019, 2020, 2022, 2023 തുടങ്ങിയ വർഷങ്ങളിലും ധാരാ സിംഗിന്റെ മോചന അപേക്ഷ സംസ്ഥാന ശിക്ഷ അവലോകന ബോർഡ് തള്ളിയിരുന്നു. തുടർന്നാണ് കഴിഞ്ഞ 25 വർഷമായി താൻ ജയില്‍വാസം അനുഭവിക്കുകയാണെന്നും അതിനാല്‍ മോചനം വേണമെന്നും ആവശ്യപ്പെട്ട് ധാരാസിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അപേക്ഷ സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസം 31നാണ് സംസ്ഥാന ശിക്ഷാ അവലോകന ബോർഡ് പരിശോധിച്ചത്. പ്രതിയെ പാർപ്പിച്ചിരിക്കുന്ന കിയോഞ്ജർ ജില്ലാ ജയിലിന് പുറത്ത് ഓഗസ്റ്റ് 15ന് ധാരാസിംഗിന്റെ മോചനത്തിന് ഇരുനൂറോളം പേർ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തീരുമാനം ഒഡീഷ സർക്കാർ നാളെ സുപ്രീംകോടതിയെ അറിയിക്കും.