കർണാടകയിലെ ക്രിസ്ത്യൻ പ്രതിനിധി സംഘം മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു നിവേദനം നൽകി
ബെംഗളൂരു: കർണാടകയിലെ മതപരിവർത്തന നിരോധന നിയമം റദ്ദാക്കണമെന്നതിനോടൊപ്പം ക്രിസ്തീയ സമൂഹവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ ഉന്നയിക്കുന്നതിന് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധി സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു. ബംഗളൂരുവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു തിങ്കളാഴ്ച കൂടിക്കാഴ്ച നടന്നത്. കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയും മംഗലാപുരം, മൈസൂരു ബിഷപ്പുമാരും പ്രമുഖ അൽമായ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മതപരിവർത്തന നിരോധന നിയമം പിൻവലിക്കുക, ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരാളെ എം.എൽ.സി. (MLC) ആയി നാമനിർദ്ദേശം ചെയ്യുക, ഒബിസി (OBC) വിഭാഗത്തിന് കീഴിൽ ക്രൈസ്തവർക്കായി 1% പ്രത്യേക സംവരണം ഏർപ്പെടുത്തുക എന്നിവ സംഘം ആവശ്യപ്പെട്ടു. വിവിധ സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ക്രൈസ്തവ സമുദായത്തിന് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഉന്നയിക്കപ്പെട്ട വിഷയങ്ങൾ കർണാടക സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഖാർഗെ സംഘത്തിന് ഉറപ്പുനൽകി. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പ്രതിനിധി സംഘം നേതാക്കൾക്ക് കൈമാറി. ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ വക്താവ് ഡോ. ജോൺ ദയാൽ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.