മഹാരാഷ്ടയിലെ മതപരിവർത്തന നിരോധന നിയമം: ക്രിസ്തീയ സമൂഹം ആശങ്കയിൽ
മുംബൈ: മഹാരാഷ്ട്രയിലെ ക്രിസ്തീയ സമൂഹം ഈ നാളുകളം തങ്ങളുടെ സഹോദരങ്ങളുടെ പ്രാർത്ഥന ശക്തമായി ആവശ്യപ്പെടുകയാണ്. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ കൊണ്ടുവന്ന കർശനമായ പുതിയ നിയമം ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ, ക്രൈസ്തവ സഭകൾക്കും കൂട്ടായ്മകൾക്കുമേൽ ശക്തമായ സമ്മർദ്ദവും പ്രതിസന്ധിയും വർദ്ധിക്കുന്നു. മുംബൈ, താനെ, പാൽഘർ, വസായ്-വിരാർ, മീരാ-ഭയന്ദർ തുടങ്ങിയ മേഖലകളിലെ പ്രാർത്ഥനാ ഹാളുകളിലും സഭകളിലും ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളോട് സ്വമേധയാ ഉള്ള സാക്ഷ്യപത്രം (Self-declaration form) പൂരിപ്പിച്ചു നൽകാൻ ശുശ്രൂഷകർ നിർദ്ദേശിക്കുന്നു. ആർക്കും സ്വതന്ത്രമായി കടന്നുവരാമായിരുന്ന പ്രാർത്ഥനാ വേദികളിൽ, കള്ളക്കേസുകളിൽ നിന്ന് വിശ്വാസികളെയും പാസ്റ്റർമാരെ സംരക്ഷിക്കാൻ ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നത് സഭാനേതൃത്വത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തീവ്ര വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്നതും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വിശ്വാസികൾക്കും ശുശ്രൂഷകർക്കുമെതിരെ പോലീസിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യിക്കുന്നതും പതിവായതോടെയാണ് സഭകൾ നിയമപരമായ മുൻകരുതലിലേക്ക് നീങ്ങിയത്.
പാൽഘർ ഉൾപ്പെടെയുള്ള പിന്നാക്ക മേഖലകളിൽ കാരുണ്യപ്രവർത്തനങ്ങളിലും സുവിശേഷ ശുശ്രൂഷകളിലും ഏർപ്പെടുന്ന വിശ്വാസികൾക്കെതിരെ വ്യാജ പ്രചാരണങ്ങളും എഫ്.ഐ.ആറുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, വിശ്വാസികൾ സംയമനം പാലിക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കായി പ്രാർത്ഥനയോടെ നിലകൊള്ളണമെന്നും സഭാ നേതാക്കൾ ആഹ്വാനം ചെയ്തു. ഇംഗ്ലീഷ്, മറാത്തി, ഹിന്ദി ഭാഷകളിൽ തയ്യാറാക്കിയ ഫോമുകളിൽ വിശ്വാസികൾ സ്വയം പൂരിപ്പിച്ചു സൂക്ഷിക്കുന്ന സാക്ഷ്യപത്രത്തിലെ പ്രധാന ഉള്ളടക്കം: തങ്ങൾ ആരുടെയും നിർബന്ധത്തിനോ പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങിയല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരവും പൂർണ്ണ ബോധ്യത്തോടെയുമാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്. സഭാ ആരാധനകളിലെ പങ്കാളിത്തം ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. വ്യാജ പരാതികളും നിയമനടപടികളും ഉണ്ടായാൽ, കോടതിയിലും പോലീസിന് മുൻപാകെയും തെളിവായി ഹാജരാക്കാൻ ഫോട്ടോ, ആധാർ/പാൻ കാർഡ് വിവരങ്ങൾ സഹിതമുള്ള ഈ സത്യവാങ്മൂലം ഉപയോഗിക്കും.
പ്രതിസന്ധികൾ ക്രിസ്തീയ സഭയെ തളർത്തിയിട്ടില്ല, മറിച്ച് വളർത്തുയാണ് ചെയ്തിട്ടുള്ളത്; മഹാരാഷ്ട്രയോടൊപ്പം വിവിധയിടങ്ങളിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ജനങ്ങൾക്കായി നമുക്ക് ശ്രദ്ധയോടെ പ്രാർത്ഥിക്കാം.