മഹാരാഷ്ട്രയില്‍ കോടതിയുടെ സ്റ്റേ നിലനിൽക്കെ ദൈവാലയം പൊളിച്ചുനീക്കി: പ്രതിഷേധം ശക്തം
പൂനെ കാലെവാഡിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ പൊളിച്ചുനീക്കി, കോടതി വിധി വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, നടപടി ഉത്തരവിന് വിരുദ്ധമെന്ന് വിശ്വാസികള്‍
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കത്തോലിക്കാ ആരാധനാലയം പുലര്‍ച്ചെ വന്‍ പോലീസ് സന്നാഹത്തോടെ പൊളിച്ചു നീക്കി കോര്പ്പറേഷന് അധികൃതര്‍. പൂനെ കാളേവാടി തപ്കീര് മാല പ്രദേശത്തുള്ള ദൈവാലയമാണ് പുലര്‍ച്ചെ വന്‍ പോലീസ് സന്നാഹത്തോടെ കോര്പ്പറേഷന് അധികൃതര്‍ പൊളിച്ചുനീക്കിയത്. പിംപ്രി-ചിഞ്ച്വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് കേസില്‍ കോടതി വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ദ്ധരാത്രിയില്‍ പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കെയാണ് അനധികൃത നിര്‍മ്മാണം ആരോപിച്ച് ദൈവാലയം പൊളിച്ചു നീക്കിയത് എന്ന് കാത്തലിക് കണക്ട് റിപ്പോര്‍ട്ട് ചെയ്തു. അനധികൃത നിര്‍മ്മാണം ആരോപിച്ച് സെപ്റ്റംബര്‍ 7-ന് പുലര്‍ച്ചെ 3 മണിയോടെയാണ് ജെ.സി.ബികളും ഭാരമേറിയ യന്ത്രങ്ങളുമായി കോര്പ്പറേഷന് സംഘം സ്ഥലത്തെത്തിയത്. 7,400 ചതുരശ്ര അടി നിര്‍മ്മാണം പൊളിച്ചുനീക്കിയെന്നാണ് കോര്‍പ്പറേഷന്റെ വാദം.
എന്നാല്‍ നിര്‍മ്മാണത്തില്‍ കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ടെന്നും, തിങ്കളാഴ്ച വിഷയത്തില്‍ നിര്‍ണായക ഹിയറിംഗ് നടക്കാനിരിക്കെയാണ് പുലര്‍ച്ചെ പൊളിച്ചുനീക്കല്‍ നടന്നതെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിശ്വാസികളെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റുകയും ദൃശ്യങ്ങള്‍ പകരര്‍ത്തുന്നത് തടയുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. 24 മണിക്കൂര്‍ മുന്‍പുള്ള നോട്ടീസ് പോലും നല്‍കിയില്ലെന്നും വിശുദ്ധ വസ്തുക്കളും ഉപകരണങ്ങളും മാറ്റാന്‍ സമയം നല്‍കിയില്ലെന്നും അവര്‍ വ്യക്തമാക്കി. 55-ഓളം മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരെയും ഫയര്‍ഫോഴ്സും ആംബുലന്‍സും ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളോടെയുമാണ് കോര്പ്പറേഷന് നടപടിക്ക് എത്തിയത്. പ്രദേശത്ത് മറ്റ് നിരവധി നിര്‍മ്മാണങ്ങള്‍ നിലനില്‍ക്കെ, ദൈവാലയത്തിനെതിരെ മാത്രം ഏകപക്ഷീയമായി നടപടി സ്വീകരിച്ചതിലും ദുരൂഹതയുണ്ടെന്ന് ദൈവാലയ ഭാരവാഹികള്‍ ആരോപിക്കുന്നു. അതേസമയം, കോടതിയുടെ സ്റ്റേ ഉത്തരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് പിംപ്രി-ചിഞ്ച്വാഡ് കോര്പ്പറേഷന് അധികൃതര്‍ തയ്യാറായിട്ടില്ല. നിയമവ്യവസ്ഥയെ കാറ്റില്‍പ്പറത്തി പുലര്‍ച്ചെ നടത്തിയ ഈ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പ്രാദേശിക സഭാ നേതൃത്വവും വിശ്വാസികളും.