മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ പൂനെ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു
പുനെ: ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമമായ 2026 ലെ മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ നിയമത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെട്ട് പൂനെ ക്രിസ്ത്യൻ ഫോറം ബുധനാഴ്ച സമാധാനപരമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൂനെ കളക്ട്രേറ്റിനു മുമ്പിൽ ആരംഭിച്ച പ്രതിഷേധ മാർച്ച് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനു മുമ്പിൽ സമാപിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട തെറ്റായ ആരോപണങ്ങളെ ഫോറം അപലപിച്ചു, ക്രിസ്ത്യൻ സമൂഹത്തിനെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ക്രിസ്ത്യൻ സമൂഹത്തിലെ 500-ലധികം അംഗങ്ങളും വിവിധ പള്ളികളിൽ നിന്നുള്ള പ്രതിനിധികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. 2026 ലെ മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ പ്രതിഷേധമാണിതെന്ന് പൂനെ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് പാസ്റ്റർ രാജേഷ് കേൽക്കർ പറഞ്ഞു.

ഒരു സമുദായത്തിനെതിരെയും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ മഹാരാഷ്ട്രയിലുടനീളം സമാനമായ സമാധാനപരവും ഭരണഘടനാപരവുമായ പ്രതിഷേധങ്ങൾ വലിയ തോതിൽ സംഘടിപ്പിക്കുമെന്ന് ഫോറം അറിയിച്ചു. ഫോറം അംഗങ്ങൾ ഡെപ്യൂട്ടി കളക്ടർ ജ്യോതി കദമിനും പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാറിനും തങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. പിംപ്രി-ചിഞ്ച്വാഡ് പോലീസ് കമ്മീഷണർക്കും പൂനെ റൂറൽ പോലീസ് സൂപ്രണ്ടിനും മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചു. നിയമത്തിന്റെ ഭരണഘടനാപരവും നിയമപരവുമായ പുനഃപരിശോധന, തെറ്റായ മതപരിവർത്തന പരാതികൾ തടയുന്നതിനുള്ള നടപടികൾ, മത പരിപാടികൾക്കും മതപരിവർത്തനങ്ങൾക്കും ഇടയിൽ വ്യക്തമായ നിയമപരമായ വ്യത്യാസം, ഏതെങ്കിലും ന്യൂനപക്ഷ സമൂഹത്തിനെതിരെ നിയമം തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതിനെതിരെയുള സംരക്ഷണം എന്നിവയാണ് മെമ്മോറാണ്ടം ആവശ്യപ്പെടുന്നത്.