കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പുതുതായി ദൈവശാസ്ത്രത്തിൽ (Theology) കോഴ്സ് ആരംഭിക്കുന്നു. വിവിധ ക്രൈസ്തവ സഭകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൈസ് ചാൻസലർ ഡോ. കെ.കെ. സാജുവിന് ലഭിച്ച ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് സർവകലാശാലയിൽ ദൈവശാസ്ത്ര പഠനത്തിന് അവസരം ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ ഇതിനായുള്ള അനുമതി തേടി വൈസ് ചാൻസലർ വിഷയം അവതരിപ്പിച്ചിരുന്നു. എന്നാൽ കോഴ്സിന്റെ വിശദാംശങ്ങൾ ഇല്ലാത്തതിനാൽ വ്യക്തമായ രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കാനാണ് സിൻഡിക്കേറ്റ് യോഗം നിർദേശിച്ചിട്ടുള്ളത്. ദൈവശാസ്ത്ര പഠനത്തിന് സർവകലാശാലാ തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോഴ്സ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോഴ്സ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, പ്രവേശന തീയതി, യോഗ്യത, ഫീസ്, പഠനരീതി എന്നിവ സർവകലാശാല ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്.
ദൈവശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് അക്കാദമികമായും ശാസ്ത്രീയമായും പഠനം നടത്തുന്നതിനുള്ള അവസരം ഒരുക്കുന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. കോഴ്സിന്റെ അക്കാദമിക ഘടന, സിലബസ്, അധ്യാപക ക്രമീകരണം, പ്രവേശന മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് സർവകലാശാല ആവശ്യമായ നടപടികൾ സ്വീകരിക്കും. വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും കോഴ്സിന്റെ അന്തിമ രൂപം തയ്യാറാക്കുക. സർവകലാശാലയുടെ നേതൃത്വത്തിൽ ദൈവശാസ്ത്ര പഠനത്തിന് ഔപചാരികമായ അക്കാദമിക അംഗീകാരം ലഭിക്കുന്നതിലൂടെ ഈ മേഖലയിൽ പഠനത്തിനും ഗവേഷണത്തിനും പുതിയ സാധ്യതകൾ തുറക്കപ്പെടും. വിവിധ സഭകളിൽ ശുശ്രൂഷ ചെയ്യുന്നവർക്കും ദൈവശാസ്ത്ര പഠനത്തിൽ താൽപര്യമുള്ളവർക്കും കോഴ്സ് പ്രയോജനകരമാകും.