ബ്രദറൺ അസംബ്ളി ഹാൾ ക്രിസ്ത്യൻ പള്ളി തന്നെയെന്ന് കോടതി
അങ്കമാലി: അങ്കമാലി ടൗൺ ബ്രദറൻ അസംബ്ലി ഹാൾ ക്രിസ്ത്യൻ ‘പള്ളി’യാണെന്നും, സമീപത്ത് ബാർ ലൈസൻസ് അനുവദിക്കുമ്പോൾ ദൂരപരിധി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ) വിധിച്ചു. ഇതിനെതിരെ എം/എസ് ഹോട്ടൽ പാലസ് ഇൻ നൽകിയ അപ്പീൽ കോടതി തള്ളിക്കൊണ്ടാണ് കോടതി വിധി.
കോടതിയുടെ നിരീക്ഷണങ്ങൾ:
പൊതു പ്രാർഥനാകേന്ദ്രം: ക്രൈസ്തവർക്ക് പ്രവേശിക്കാനും പ്രാർത്ഥിക്കാനും സാധിക്കുന്ന പൊതുസ്ഥലമായതിനാൽ ഈ ഹാൾ ‘പള്ളി’ എന്ന നിർവചനത്തിൽ ഉൾപ്പെടും. പൊതുസ്ഥലത്തിന്റെ നിർവചനമായി, ഒരു സ്ഥലം പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണെങ്കിൽ അത് പൊതുസ്ഥലമായി കണക്കാക്കാമെന്നും അവിടെ എല്ലാവർക്കും ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ലെന്നും സൊസൈറ്റി രജിസ്ട്രേഷനോ ഭരണഘടനയോ ഉണ്ടോ എന്നതും പ്രസക്തമല്ല എന്നും കോടതി വ്യക്തമാക്കി. സമീപത്ത് മറ്റ് ബാറുകളോ ഷാപ്പുകളോ ഉണ്ടെന്ന വാദം ആരാധനാലയത്തിന്റെ പദവിയെ ബാധിക്കില്ല എന്നും കോടതി നിരീക്ഷിച്ചു.
തർക്ക പശ്ചാത്തലം: 2008-ൽ ഹോട്ടലിനായി ബാർ ലൈസൻസ് നീക്കം തുടങ്ങിയപ്പോൾ മുതൽ പ്രക്ഷോഭം ആരംഭിച്ചു. സർക്കിൾ ഇൻസ്പെക്ടറുടെ ശുപാർശ തള്ളി എക്സൈസ് കമ്മിഷണർ അപേക്ഷ നിരസിച്ചെങ്കിലും സർക്കാർ അസംബ്ലി ഹാൾ പള്ളിയല്ലെന്ന് ഉത്തരവിട്ടു. തുടർന്ന് നടന്ന ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് എക്സൈസ് കമ്മിഷണറുടെ നിലപാടിന് ഹൈക്കോടതി അന്തിമ അംഗീകാരം നൽകിയത്. ക്രൈസ്തവർ പൊതുവായി പ്രാർഥിക്കുന്ന സ്ഥലമാണെന്ന് തെളിഞ്ഞാൽ ബ്രദറൻ അസംബ്ലി ഹാളുകൾക്കും ‘പള്ളി’കൾക്കുള്ള ബാർ ദൂരപരിധി നിയമം ബാധകമാകും. എന്നാൽ, ഇത് എല്ലാ അസംബ്ലി ഹാളുകൾക്കും സ്വയം ബാധകമല്ല; പ്രാദേശിക തെളിവുകളും ഉപയോഗവും അടിസ്ഥാനമാക്കിയായിരിക്കും തീരുമാനം എന്നും കോടതി പറഞ്ഞു.