ഇന്ത്യയിലെ നിർദ്ദിഷ്ട FCRA നിയമ ഭേദഗതിക്കെതിരെ അമേരിക്കൻ കോൺഗ്രസ് അംഗം
വാഷിങ്ടൺ: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) ഭേദഗതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ വിമർശനവുമായി യു.എസ് കോൺഗ്രസ് അംഗം റൈലി മൂർ രംഗത്ത്. ഈ നീക്കം ക്രിസ്ത്യാനികൾക്കെതിരായ വ്യക്തമായ ആക്രമണമാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പ്രധാന പ്രശ്നമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട ഭേദഗതികൾ വഴി സർക്കാരിന് പള്ളികളുടെയും മതപരമായ ജീവകാരുണ്യ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിന്റെ നിലവിലുള്ള വർഷകാല സമ്മേളനത്തിൽ എഫ്.സി.ആർ.എ ഭേദഗതി ബിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സെൻറ്. തോമസിൽ തുടങ്ങുന്ന ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ദീർഘകാല ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ടാണ് യു.എസ് കോൺഗ്രസ് അംഗം എക്സിൽ കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യയിൽ ക്രിസ്തുമതത്തിന് വലിയ പാരമ്പര്യമുണ്ടെന്നും എന്നാൽ നിലവിൽ പാർലമെന്റ് പരിഗണിക്കുന്ന എഫ്.സി.ആർ.എ നിയമഭേദഗതി മതപരമായ സേവനങ്ങളുടെയും പള്ളികളുടെയും മേൽ സർക്കാർ നിയന്ത്രണത്തിന് വഴിയൊരുക്കുമെന്നും റൈലി മൂർ വിമർശിച്ചു. ഈ ബിൽ ഈ രീതിയിൽ മുന്നോട്ട് പോയാൽ അത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുമെന്നും റൈലി മൂർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കൻ കോൺഗ്രസ് അംഗത്തിന്റെ ഈ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്.