ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) നു പുതിയ നേതൃത്വം
മെൽബൺ: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) 2026–2027 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദൈവത്തിന്റെ അളവറ്റ കൃപയ്ക്കും വിശ്വസ്തതയ്ക്കും വഴിനടത്തലിനും സകല മഹത്വവും അർപ്പിച്ചുകൊണ്ട് തങ്ങളുടെ ശുശ്രൂഷയുടെ 14-ാം വർഷത്തിലേക്ക് പ്രാർത്ഥനയോടെ പ്രവേശിക്കുമ്പോഴാണ് AUPCക്ക് പുതിയ നേതൃത്വം നിലവിൽ വരുന്നത്. പതിനാലു വർഷങ്ങളായി ഓസ്ട്രേലിയയിലുടനീളമുള്ള പെന്തെക്കോസ്തൽ സഭകളുടെയും വിശ്വാസിസമൂഹത്തിന്റെയും ഐക്യത്തിനുമായി സംഘടന പ്രവർത്തിച്ചു വരുന്നു.
യേശുക്രിസ്തുവിന്റെ സുവിശേഷം കൂടുതൽ ശക്തമായി പ്രഘോഷിക്കുന്നതിനും, പ്രാദേശിക സഭകളെ ബലപ്പെടുത്തുന്നതിനും, ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലുമുള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പുതുക്കിയതോടൊപ്പം, അടുത്ത തലമുറയെ ലക്ഷ്യമാക്കി, വിശ്വസ്തരായ ക്രിസ്തുശിഷ്യന്മാരും ആത്മാർത്ഥരായ ദൈവദാസന്മാരുമായി യുവജനങ്ങളെ പരിശീലിപ്പിക്കുകയും, ശക്തീകരിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യം എന്ന് ഭാരവാഹികൾ അറിയിച്ചു.

2026–2027 ദേശീയ എക്സിക്യൂട്ടീവ് നേതൃത്വം:
പ്രസിഡന്റ്: പാസ്റ്റർ ജെയിംസ് ജോൺ, വൈസ് പ്രസിഡന്റ്: പാസ്റ്റർ ജെസ്വിൻ മാത്യൂസ്, സെക്രട്ടറി: സുവി. ടോണി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി: സുവി. സാം ഫിലിപ്പ്, ട്രഷറർ: സുവി. മനു പുതുപ്പള്ളി, ജോയിന്റ് ട്രഷറർ: സുവി. സ്റ്റാൻലി തോമസ്. ഇവർക്കൊപ്പം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതിന് ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന 42 അംഗ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.