പതിമൂന്ന് ഇന്ത്യന്‍ നാവികരടങ്ങിയ ചരക്കുകപ്പല്‍ കരിങ്കടലിൽ കുടുങ്ങി
പതിമൂന്ന് ഇന്ത്യന്‍ നാവികരടങ്ങിയ ചരക്കുകപ്പല്‍ കരിങ്കടലിൽ കുടുങ്ങി
കരിങ്കടൽ മേഖലയിൽ ഉക്രൈനിലേക്ക് റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ, യുക്രെയ്‌നിലെ തുറമുഖത്ത് ചരക്കു കപ്പലില്‍ 13 ഇന്ത്യന്‍ നാവികരടക്കം 15 പേര്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. എം.വി. അമിര്‍1 എന്ന കപ്പലിലാണ് ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നത്. ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് നാവികര്‍ ഉള്ളതെന്നും, അധികൃതരും കപ്പല്‍ ഉടമകളും ഇന്ത്യന്‍ സര്‍ക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാവികരുടെ സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച കരിങ്കടലിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുക്രെയ്ന്‍ അംബാസഡര്‍ ഒലെക്സാന്ദ്രെ വിളിച്ചു വരുത്തി പ്രതിഷേധമറിയിക്കുകയും ചെയ്തു.
ഭീതിജനകവും ജീവന് ഭീഷണിയുള്ളതുമായ സാഹചര്യത്തിലാണ് നാവികരുള്ളതെന്ന് നാവികരുടെ സംഘടനയായ ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ പറഞ്ഞു. ഏതു സമയത്തും ആക്രമണമുണ്ടായേക്കാമെന്ന ഭീതിയിലാണ് കപ്പലിലെ നാവികര്‍ കഴിയുന്നതെന്നും എഫ്എസ്ഐ കൂട്ടിച്ചേര്‍ത്തു. ആവര്‍ത്തിച്ചുള്ള ഡ്രോൺ, മിസൈല്‍ ആക്രമണങ്ങള്‍ കപ്പലിനു സമീപം നടക്കുന്നുണ്ട്. അതേസമയം, വിഷയത്തില്‍ വിദേശകാര്യമന്ത്രാലയമോ കപ്പല്‍ കമ്പനിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുക്രെയ്നിന്റെ തെക്കന്‍ തീരങ്ങളില്‍ കപ്പലുകള്‍ക്കുനേരെ സമാന ആക്രമണങ്ങള്‍ നേരത്തെയും നടന്നിരുന്നു.