ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയി ഇസ്ലാമിക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആറുമാസമായി തുടരുന്ന യുഎസ്-ഇറാന് സംഘര്‍ഷങ്ങള്‍ക്കിടെ എഴുതി തയ്യാറാക്കിയ സന്ദേശത്തിലൂടെയാണ് യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്നാണ് ഖമനയി ആഹ്വാനം ചെയ്തത്. എന്നാല്‍ പ്രസംഗത്തിന് ശേഷം പൊതുവേദികളില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഖമനയി, സന്ദേശങ്ങളിലൂടെ മാത്രമാണ് തന്റെ നിലപാടുകള്‍ പങ്ക് വെക്കുന്നത്.
ടെഹ്റാനില്‍ സംഘടിപ്പിച്ച മതപണ്ഡിതരുടെ സമ്മേളനത്തിലേക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. മുസ്ലിം ജനവിഭാഗങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ ശത്രുക്കളെയാണ് സഹായിക്കുന്നതെന്നും, യഥാര്‍ത്ഥ ശത്രുവിനെയും അവരുടെ പദ്ധതികളെയും തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഖമനയി വ്യക്തമാക്കി. അയല്‍ക്കാരായ ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളും മുസ്ലിം ലോകത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഐക്യ ആഹ്വാനവുമായി ഇറാന് മുന്നോട്ട് വന്നിരിക്കുന്നത്.