ഇസ്ലാംമതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നൈജീരിയന്‍ യുവതിക്ക് കോടതിയുടെ സംരക്ഷണം

കാനോ(നൈജീരിയ): ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും നിർബന്ധിത വിവാഹം നിരസിക്കുകയും ചെയ്തതിന്റെ പേരിൽ യുവതിയെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തെ നൈജീരിയയിലെ കാനോ സംസ്ഥാന അധികൃതരെയും ‘ഹിസ്ബ’ എന്നറിയപ്പെടുന്ന ഇസ്ലാമിക മതപോലീസിനെയും ഫെഡറൽ ഹൈക്കോടതി വിലക്കി. യുവതിക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടതായി വിധി സംബന്ധിച്ച ഓഗസ്റ്റ് 11-ലെ റിപ്പോർട്ടിൽ ‘അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം’ (ADF) ഇന്റർനാഷണൽ സംഘടന വ്യക്തമാക്കി. ‘സാറ’ എന്ന പേരില്‍ അറിയപ്പെടുന്ന യുവതിക്കെതിരെ സ്വീകരിച്ച നടപടികൾ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചതായി ADF വ്യക്തമാക്കി. കാനോ സംസ്ഥാനത്ത് താമസിച്ചിരുന്ന സാറ, തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച മൂത്ത സഹോദരങ്ങളിൽനിന്ന് പീഡനം നേരിട്ടതിനെത്തുടർന്ന് 2025-ൽ സ്വന്തം വീട്ടിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.
അവളുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. തുടർന്ന് സഹോദരങ്ങൾ ഹിസ്ബയിലെ മുസ്ലിം ഉദ്യോഗസ്ഥരെ സമീപിച്ച് അവളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് എഡിഎഫ് റിപ്പോർട്ട് ചെയ്യുന്നു. സാറയെ നാല് ദിവസത്തേക്ക് തടങ്കലിൽ വച്ചതായി റിപ്പോർട്ടുണ്ട്. തന്നെ മർദ്ദിക്കുകയും വിവാഹം അംഗീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. പിന്നീട് അവൾ അബാരസ് എന്ന ക്രിസ്ത്യൻ കുടുംബത്തില്‍ അഭയം കണ്ടെത്തി. അവരോടൊപ്പം താമസിക്കുമ്പോൾ സ്വമേധയാ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരിന്നു. കൂടുതൽ ഭീഷണികൾ ഉണ്ടാകുമെന്ന ഭയത്തിനിടയിൽ, ജനുവരിയിൽ പ്ലേറ്റോ സംസ്ഥാനത്തെ ജോസിലേക്ക് താമസം മാറ്റാൻ കുടുംബം അവളെ സഹായിച്ചു. എന്നാല്‍ ഈ ക്രിസ്തിയ കുടുംബം അവളെ തട്ടിക്കൊണ്ടുപോയതായി സഹോദരങ്ങൾ ആരോപിക്കുകയും കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഫെഡറൽ ഹൈക്കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.