ഐസ്വാൾ: 666 എന്ന സംഖ്യയോടുള്ള അന്ധമായ ഭയം കാരണം മിസോറാമിലെ ചമ്പൈ ജില്ലയിൽ 40 ഓളം ആൾക്കാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വിസമ്മതിക്കുന്നു. ബൈബിളിലെ വെളിപാട് പുസ്തകത്തിലെ ‘മൃഗത്തിന്റെ അടയാളം’ എന്നറിയപ്പെടുന്ന ഈ നമ്പറിനെ ഭയപ്പെടുന്ന ‘ഡിലീറ്റ് ചർച്ച്’ എന്ന ചെറിയ വിഭാഗത്തിലെ അംഗങ്ങളാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിൽ. ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള സോത്ലാങ് പ്രദേശത്താണ് ഈ സമൂഹം താമസിക്കുന്നത്.
ആകെ 67 അംഗങ്ങളുള്ള ഈ കൂട്ടായ്മയിൽ പ്രായപൂർത്തിയായ നാൽപതോളം ആളുകൾ വോട്ടവകാശത്തിന് അർഹരാണ്. തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി വോട്ടർ ഐഡിക്ക് പുറമെ മറ്റ് സർക്കാർ സംവിധാനങ്ങളും ആധാർ കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, റേഷൻ കാർഡും ഡ്രൈവിംഗ് ലൈസൻസും എന്നിങ്ങനെ സർക്കാർ ക്ഷേമപദ്ധതികളും സ്കൂൾ പ്രവേശനവും പോലും ഇവർ തിരസ്കരിക്കുന്നു. ഔദ്യോഗിക തിരിച്ചറിയൽ രേഖകളും ഭരണകൂട സംവിധാനങ്ങളും തങ്ങളെ അന്തിക്രിസ്തുവിന്റെ നിയന്ത്രണത്തിലേക്കു ആക്കുമെന്നാണ് ഇവരുടെ വിശ്വാസം.
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടല്ല, മറിച്ച് മതവിശ്വാസം മുറുകെപ്പിടിക്കാനുള്ള ബോധപൂർവമായ തീരുമാനമാണിതെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. മിസോറാം ചീഫ് ഇലക്ടറൽ ഓഫീസർ ഗരിമ ഗുപ്തയും ഉദ്യോഗസ്ഥരും സോത്ലാങ്ങിലെത്തി ഇവരുമായി ചർച്ച നടത്തി. പൗരന്മാരുടെ മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തെ മാനിക്കുന്നതിനാൽ, ആരെയും നിർബന്ധിച്ച് വോട്ടർപട്ടികയിൽ ചേർക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.