സിറിയൻ ക്രൈസ്തവരുടെ ഭാവിയെപ്പറ്റി യൂറോപ്യൻ പാർലമെന്റിൽ നാളെ പ്രത്യേക സമ്മേളനം
ബ്രസൽസ്: യുദ്ധവും പീഡനങ്ങളും മൂലം വിവിധ തരത്തിലുള്ള പ്രതിസന്ധി നേരിടുന്ന സിറിയയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ പാർലമെന്റിൽ പ്രത്യേക കോൺഫറൻസ് നാളെ (സെപ്റ്റംബർ 8 ചൊവ്വ) നടക്കും. “സിറിയയിലെ ക്രൈസ്തവരുടെ ഭാവി: മതസ്വാതന്ത്ര്യം, രാഷ്ട്രീയ പ്രാതിനിധ്യം, പൊതുവായ ഭാവി” എന്ന വിഷയമാണ് കോൺഫറൻസിൽ ചർച്ച ചെയ്യുക. യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർ, സിറിയൻ പ്രതിനിധികൾ എന്നിവര്‍ക്ക് പുറമെ സഭാ നേതാക്കളും പങ്കെടുക്കും. പ്രത്യേക ആനുകൂല്യങ്ങൾക്ക് പകരമായി, എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പുനൽകുന്ന ഭരണഘടനാ സംവിധാനമാണ് സിറിയയ്ക്കു ആവശ്യമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ നേരത്തെ വ്യക്തമാക്കിയിരിന്നു.
വർഷങ്ങൾ നീണ്ട യുദ്ധവും പീഡനങ്ങളും കാരണം ക്രൈസ്തവ സമൂഹങ്ങൾ ദുർബലപ്പെടുകയും മാതൃരാജ്യത്ത് തുടരുന്നതിൽ വലിയ അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന സാഹചര്യം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടും. സിറിയയിൽ നിലനിൽക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ ഈ കാലഘട്ടത്തിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയും രാഷ്ട്രീയ പങ്കാളിത്തവും ഭരണഘടനാ സംരക്ഷണവും ഉറപ്പാക്കുക എന്നാവശ്യവും ചര്‍ച്ചയില്‍ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. മതസ്വാതന്ത്ര്യത്തിനായുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക പ്രതിനിധി മറെയ്ഡ് മക്ഗിനസ്, അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റൗണ്ട് ടേബിൾ കോ-ചെയർ നദീൻ മാൻസ എന്നിവരും സിറിയന്‍ പ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്മാരും സമ്മേളനത്തിൽ സംസാരിക്കും. യൂറോപ്യൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് (ECLJ), യൂറോപ്യൻ സിറിയന്‍ യൂണിയൻ (ESU) തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.