ബംഗാളിൽ യോഗങ്ങൾ നടത്താനാകാത്തവിധം ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗങ്ങൾക്കും ചടങ്ങുകൾക്കും നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങൾ വർദ്ധിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഹൗറയിലെ ഉലുബേരിയയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ വീട്ടിൽ അതിക്രമിച്ചു കയറി വിശ്വാസികളെ മർദ്ദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പുർബ ബർധമാനിൽ ശവസംസ്കാര ചടങ്ങ് തടസ്സപ്പെടുത്തുകയും സംസ്കരിച്ച മൃതദേഹം പുറത്തെടുപ്പിച്ച് മറ്റൊരു സെമിത്തേരിയിലേക്ക് മാറ്റാൻ നിർബന്ധിതരാക്കുകയും ചെയ്തു.
ഹൗറ, പുർബ മേദിനിപൂർ, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ നടന്നതോടെ പലയിടത്തും പ്രാർത്ഥനാ യോഗങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്നും മതപരിവർത്തന പരാതികൾ നിയമപരമായി അന്വേഷിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഈ സംഭവങ്ങൾ ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്.