ന്യൂഡൽഹി: ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ (USCIRF) ആവശ്യത്തെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ. ഈ ആവശ്യത്തിന് പിന്നിൽ കൃത്യമായ അജണ്ടകളുണ്ടെന്നും, USCIRF വിശ്വാസ്യതയില്ലാത്തതും പക്ഷപാതപരമായി പെരുമാറുന്നതുമായ സംഘടനയാണെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ വിമർശിച്ചു. ഇന്ത്യയിലെ ബഹുസ്വരതയോ വിവിധ സമൂഹങ്ങളുടെ സൗഹാർദപരമായ സഹവർത്തിത്വമോ അംഗീകരിക്കാൻ USCIRF തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഈ മാസം 29-ന് ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെയാണ് USCIRF ചെയർമാനും പാക് വംശജനുമായ ആസിഫ് മഹ്മുദ് ഉപരോധ ആവശ്യം മുന്നോട്ടുവെച്ചത്.
ആർഎസ്എസ് മതസ്വാതന്ത്ര്യം ലംഘിക്കുന്നുവെന്നും അതിനാൽ സംഘടനയ്ക്കും നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തണമെന്നുമാണ് ഇവരുടെ വാദം. ഇതിനുമുമ്പും ഇന്ത്യയെ ‘പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യ’മായി പ്രഖ്യാപിക്കണമെന്നും ആർഎസ്എസ്, ‘റോ’ (R&AW) എന്നിവയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്നും USCIRF വാർഷിക റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ എതിർത്ത നടപടിയെ അപലപിച്ച് യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഹിന്ദു പാക്ട്’ എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്.