ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ജർമ്മനി തങ്ങളുടെ 140-ാം വാർഷികം ആഘോഷിച്ചു
ബെർലിൻ: ലോക ഇവാഞ്ചലിക്കൽ അലയൻസിന്റെ 180-ാം വാർഷികത്തിൻ്റെ ഭാഗമായി, ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ജർമ്മനി തങ്ങളുടെ 140-ാം വാർഷിക ആഘോഷങ്ങൾ തുരിംഗിയയിലെ ബാഡ് ബ്ലാങ്കൻബർഗിൽ ആഗസ്റ്റ് 5 മുതൽ 9 വരെ സംഘടിപ്പിച്ചു. 1886-ലാണ് ആദ്യമായി ഇവിടെ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളുടെ സംയുക്ത സമ്മേളനം ആരംഭിച്ചത്. സമൂഹത്തിൽ ശാന്തിയും ഐക്യവും വളർത്താൻ ഇത്തരം ചരിത്രപ്രധാനമായ കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ഈ വാർഷികാഘോഷം നമ്മെ ഓർമ്മിപ്പിക്കുന്നു.
ക്രിസ്തീയ വിശ്വാസം എപ്പോഴും സമൂഹത്തോടും അയൽക്കാരോടുമുള്ള ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇ.എ.ഡി ചെയർമാൻ റെയ്ൻഹാർഡ് ഷിങ്ക് പറഞ്ഞു. അടിമത്തത്തിനും അനീതിക്കുമെതിരായ ചരിത്രപരമായ പോരാട്ടങ്ങളിലായാലും, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ ശത്രുരാജ്യങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിലായാലും, സൗഹൃദത്തിന്റെ പാലങ്ങൾ പണിയാനും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനും ലോകത്ത് സമാധാനം നിലനിർത്താനുമാണ് കഴിഞ്ഞ 140 വർഷമായി പ്രസ്ഥാനം ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.