കൈകാലുകളില്ലാതെ നേടിയ നേട്ടങ്ങള്‍; നിക് വുയിചിച്ചിന്റെ ജീവിതകഥ തിയേറ്ററുകളിലേക്ക്

മെൽബൺ: കൈകാലുകളില്ലാത്ത അവസ്ഥയില്‍ ജനിച്ച്, പ്രതിസന്ധികളെ ചവിട്ടുപടിയാക്കി ലോകത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്മാരില് ഒരാളായി മാറിയ നിക് വുയിചിച്ചിന്റെ ജീവിതകഥ തിയേറ്ററുകളിലേക്ക്. ദൈവവിശ്വാസവും അളവറ്റ ആത്മവിശ്വാസവും കൊണ്ട് വിധിയെപ്പോലും തോല്‍പ്പിച്ച നിക്കിന്റെ വികാരനിര്‍ഭരവും പ്രചോദനാത്മകവുമായ ജീവിതയാത്ര ചിത്രീകരിക്കുന്ന ‘നോ ലിംബ്സ്, നോ ലിമിറ്റ്സ്: ദി നിക്വി സ്റ്റോറി’ എന്ന ഡോക്യുമെന്ററി ചിത്രം സെപ്റ്റംബര്‍ 25-നാണ് പ്രദര്‍ശനത്തിനെത്തുന്നത്. പ്രതിസന്ധികളുടെ നടുവിലും ദൈവത്തിലുള്ള ഉറച്ച വിശ്വാസവും പ്രത്യാശയും കൂടെ മുന്നേറുന്നവര്‍ക്ക് എങ്ങനെ തങ്ങളുടെ ജീവിതത്തെയും ലോകത്തെ തന്നെയും മാറ്റിമറിക്കാനാകും എന്നതിന്റെ സാക്ഷ്യമാണ് ഈ ചിത്രമെന്ന് നിക്ക് പറയുന്നു.

‘ഈ സിനിമ എന്റെ നേട്ടങ്ങളെ മഹത്വവല്‍ക്കരിക്കാനുള്ളതല്ല; മറിച്ച്, കൈകാലുകളില്ലാത്ത ഒരു മനുഷ്യനിലൂടെ ദൈവത്തിന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുതരാനുള്ളതാണ്. നിങ്ങളുടെ പരിമിതികള്‍ ദൈവത്തിന്റെ കയ്യില്‍ നല്കിയാല്, അത് ഒരിക്കലും നിങ്ങളുടെ സാധ്യതകളെ തടയില്ല. ഈ സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും ജീവിതത്തില്‍ പുതിയൊരു പ്രത്യാശ കണ്ടെത്തിയാല്‍, അതാണ് ഇതിന്റെ യഥാര്‍ത്ഥ വിജയം,’ നിക്ക് പറയുന്നു.

1982-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് നിക് ജെയിംസ് വുയിചിച്ചിന്റെ ജീവിതയാത്ര ആരംഭിക്കുന്നത്. ‘ടെട്ര-അമേലിയ സിന്‍ഡ്രോം’ എന്ന അപൂര്‍വ വൈദ്യശാസ്ത്ര അവസ്ഥ മൂലം ജനനസമയത്ത് തന്നെ അദ്ദേഹത്തിന് കൈകാലുകള്‍ ഇല്ലായിരുന്നു. 17-ാം വയസില്‍ വിദ്യാലയത്തിലെ ഒരു ജീവനക്കാരന്റെ പ്രേരണയാലാണ് നിക് പ്രഭാഷണങ്ങള്‍ നടത്താന്‍ ആരംഭിച്ചത്. ആ കൊച്ചുപ്രസംഗങ്ങള്‍ പിന്നീട് ലോകശ്രദ്ധ നേടി. ഇന്ന് നിക് നീന്തും, സ്കൈ ഡൈവിംഗ് ചെയ്യും. രണ്ടു ബിരുദങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം വിവാഹിതനും നാല് മക്കളുടെ പിതാവുമാണ്. 80-ലേറെ രാജ്യങ്ങളില്‍ സഞ്ചരിച്ചു. 200 കോടിയിലധികം മനുഷ്യര്‍ക്ക് പ്രത്യാശ നല്കിയ ‘ലൈഫ് വിത്തൗട്ട് ലിംബ്സ്’ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.