ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി. തോമസിനു ഓണററി ഡോക്ടറേറ്റ്
ചെന്നൈ: ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ സൗത്ത് ഏഷ്യാ റീജിയണൽ സൂപ്രണ്ടായ റവ. സി.സി. തോമസിനു ചെന്നൈയിലെ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ദൈവശാസ്ത്ര വിദ്യാഭ്യാസം, സഭാസ്ഥാപനം, മിഷൻ പ്രവർത്തനം, യുവജന ശുശ്രൂഷ, സഭാ നേതൃത്വ വികസനം എന്നീ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലധികമായി നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് ആദരം. ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്കും പുതിയ സഭകൾ സ്ഥാപിക്കുന്നതിലും പുതിയ സഭകൾ സ്ഥാപിക്കുന്നതിലും സഭകളുടെ വളർച്ചയിലും നൽകിയ നേതൃത്വത്തിനുമുള്ള അംഗീകാരമായാണ് ഡോക്ടർ ഓഫ് ഡിവിനിറ്റി എന്ന ബഹുമതി നൽകിയിരിക്കുന്നത്.
2016 സെപ്റ്റംബർ 1ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റിൻ്റെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം സഭാ വളർച്ച, സഭാസ്ഥാപനം, വിരമിച്ച പാസ്റ്റർമാരുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ നേതൃത്വം നൽകി. 2024 സെപ്റ്റംബറിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ സൗത്ത് ഏഷ്യാ റീജിയണൽ സൂപ്രണ്ടായി നിയമിതനായ റവ. സി. സി. തോമസ്, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ/ഏഷ്യൻ വംശജനാണ്. ഇന്ത്യയ്ക്കു പുറമെ മംഗോളിയ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ ശുശ്രൂഷകൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. ഓൾ ഇൻഡ്യാ ഗവേണിംഗ് ബോഡിയുടെ ചെയർമാനായും സേവനമനുഷ്ഠിക്കുന്നു. ദക്ഷിണേഷ്യയിലെ ആറ് മേഖലകളിലായി 10,000-ത്തിലധികം സഭകൾക്കും പത്ത് ലക്ഷത്തിലധികം വിശ്വാസികൾക്കും നേതൃത്വം നൽകുന്ന അദ്ദേഹം, സെമിനാരി വിദ്യാഭ്യാസത്തിന്റെ നവീകരണം, പാസ്റ്റർമാരുടെ തുടർപരിശീലനം, പുതിയ തലമുറ നേതാക്കളുടെ വളർച്ച, Gen. Z, Gen. Alpha എന്നിവർക്കനുസൃതമായ ശുശ്രൂഷാ പരിശീലനം എന്നിവയിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
സെനറ്റ് ഓഫ് സെറാംപൂരിൽ നിന്ന് ബാച്ചിലർ ഓഫ് തിയോളജിയും ഫിലിപ്പൈൻസിലെ മനിലയിലുള്ള ഏഷ്യൻ സെമിനാരി ഓഫ് ക്രിസ്ത്യൻ മിനിസ്ട്രീസിൽ നിന്ന് തിയോളജിയിൽ മാസ്റ്റർ ബിരുദവും നേടിയ റവ. സി.സി. തോമസ് ഇൻഡ്യയിലും, അമേരിക്കയിലുമായി പാസ്റ്ററായും അദ്ധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും മിഷൻ നേതാവായും വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്.