ക്രൈസ്തവർക്ക് സംരക്ഷണം ഉറപ്പാക്കാൻ ക്രിസ്ത്യൻ സംഘം പാക്ക് പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
മുള്ട്ടാന്: തെക്കൻ പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് സംരക്ഷണം ഉറപ്പാക്കാൻ, നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് കോർഡിനേറ്റർ ആബിദ് പോൾ, മുൾട്ടാനിലെ കത്തോലിക്ക രൂപതാ ബിഷപ്പ് യൂസഫ് സോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ പ്രതിനിധി സംഘം റീജിയണൽ പോലീസ് ഓഫീസർ ഉസ്മാൻ അക്രം ഗോണ്ടലുമായി ചർച്ച നടത്തി. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം, തുല്യാവകാശങ്ങൾ, സൗഹാർദ്ദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരുമായി നടത്തുന്ന തുടർച്ചയായ സഹകരണത്തിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച. ദേവാലയങ്ങൾക്ക് നേരെയുള്ള സുരക്ഷാ ഭീഷണികൾ, ക്രൈസ്തവ മേഖലകളിലെ ആക്രമണങ്ങൾ, വ്യാജ ദൈവദൂഷണ പരാതികൾ എന്നിവയെക്കുറിച്ച് സംഘം ആശങ്ക അറിയിച്ചു. കൂടാതെ, ക്രൈസ്തവ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉദാഹരണ സഹിതം പോലീസ് തലവന് മുന്നിൽ അവർ ചൂണ്ടിക്കാട്ടി.

മുൾട്ടാൻ കത്തോലിക്ക രൂപതയുടെ വികാരി ജനറൽ ഫാ. ഡാനിയൽ താജ്, ‘ചർച്ച് ഓഫ് പാകിസ്ഥാൻ’ അധ്യക്ഷന് റോഡറിക് ലിയോ പോൾ, കാരിത്താസ് മുൾട്ടാൻ ഡയറക്ടർ സാമുവൽ ക്ലെമന്റ്, മുൾട്ടാനിലെ ഡൊമിനിക്കൻ ജസ്റ്റിസ് ആൻഡ് പീസ് കമ്മീഷൻ അംഗം ഹൈസിന്ത് പീറ്റർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പൺ ഡോഴ്സി’ന്റെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ രൂക്ഷമായ രാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. വ്യക്തിവൈരാഗ്യം തീർക്കാനുള്ള വ്യാജ ആരോപണങ്ങളും സുരക്ഷാ ഭീഷണികളും മൂലം വലിയ പ്രതിസന്ധിയാണ് രാജ്യത്തെ ക്രൈസ്തവർ നേരിടുന്നത്.