ക്രിസ്തീയ സ്ത്രീകൾക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനത്തിന് നൈജീരിയൻ സർക്കാരിനു യു.എൻ. നൽകിയ കത്ത് പുറത്ത്
ജനീവ: നൈജീരിയയിലെ ക്രിസ്ത്യൻ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ പരാമര്‍ശിച്ച് നൈജീരിയൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിദഗ്ധരുടെ സംയുക്ത കത്ത് പുറത്ത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ നൈജീരിയന്‍ സർക്കാർ മറുപടി നൽകാതിരുന്നതിനെ തുടർന്ന് ഐക്യരാഷ്ട്ര സഭ തന്നെയാണ് കത്ത് പുറത്തുവിട്ടത്. വടക്കൻ നൈജീരിയയിലും മിഡിൽ ബെൽറ്റ് മേഖലയിലും ക്രിസ്ത്യൻ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന കൊലപാതകം, നിർബന്ധിത മതംമാറ്റം, ലൈംഗിക അതിക്രമം തുടങ്ങിയ ആക്രമണങ്ങളെക്കുറിച്ചാണ് ജൂൺ ഒന്നിന് അയച്ച കത്തിൽ പരാമർശിക്കുന്നത്.

വിശ്വാസപരമായ കാരണങ്ങളാൽ നടക്കുന്ന അക്രമങ്ങൾ, പീഡനങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ പ്രത്യേകിച്ച് സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ള ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടു നടക്കുന്ന അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് യു.എന്‍. ഗൗരവമായ ആശങ്ക രേഖപ്പെടുത്തുകയാണെന്ന് കത്തിൽ പറയുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച യു.എൻ. പ്രത്യേക റിപ്പോർട്ടർ റീം അൽസാലെം, നിർബന്ധിത തിരോധാനങ്ങൾ കൈകാര്യം ചെയ്യുന്ന വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർ-റിപ്പോർട്ടർ ഗബ്രിയേല സിട്രോണി, നിയമവിരുദ്ധമോ ഏകപക്ഷീയമോ ആയ വധശിക്ഷകൾ സംബന്ധിച്ച യു.എൻ. പ്രത്യേക റിപ്പോർട്ടർ മോറിസ് ടിഡ്ബോൾ-ബിൻസ്, ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള യു.എൻ. പ്രത്യേക റിപ്പോർട്ടർ നിക്കോളാസ് ലെവ്രാറ്റ്, പീഡനവും ക്രൂരവും മനുഷ്യത്വരഹിതമോ അപമാനകരമോ ആയ പെരുമാറ്റങ്ങളും ശിക്ഷകളും സംബന്ധിച്ച യു.എൻ. പ്രത്യേക റിപ്പോർട്ടർ ആലീസ് ജിൽ എഡ്വേർഡ്സ് എന്നിവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP), ഫുലാനി ഇടയന്മാരുടെ സായുധ സംഘങ്ങൾ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളാണ് വർധിച്ചുവരുന്ന അക്രമങ്ങൾക്ക് പിന്നിലെന്ന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവയെ പ്രതിരോധിക്കുന്നതില്‍ നൈജീരിയൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മൗനാനുവാദവും അനാസ്ഥയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആയുധധാരികളായ തീവ്രവാദികൾ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്, 13 വയസ്സുള്ള പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും വിധേയയാക്കിയത്, പാസ്റ്ററുടെ രണ്ട് പെൺമക്കളെയും ക്രൈസ്തവരെയും ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവം, ആയുധധാരികളായ തീവ്രവാദികളുടെ വിവാഹാലോചന കുടുംബം നിരസിച്ചതിനെത്തുടർന്ന് കൈ വെട്ടിമാറ്റപ്പെട്ട 16 വയസ്സുള്ള പെൺകുട്ടി അനുഭവിച്ച നരകയാതന ഉള്‍പ്പെടെയുള്ള വിവിധ സംഭവങ്ങളും കത്തില്‍ പരമാര്‍ശ വിധേയമായിട്ടുണ്ട്.