PYPA കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം
കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജസ്റ്റിൻ നെടുവേലിൽ (പ്രസിഡന്റ്), സന്ദീപ് വിളമ്പുകണ്ടം (വൈസ് പ്രസിഡന്റ്), ഇവാ. അഡ്വ. ജോൺലി ജോഷി (വൈസ് പ്രസിഡന്റ്), ലിജോ സാമുവേൽ (സെക്രട്ടറി), ബേസിൽ അറക്കപ്പടി (ജോയിന്റ് സെക്രട്ടറി), മാത്യു വർഗീസ് (ജോയിന്റ് സെക്രട്ടറി), ആശിഷ് മാത്യു (ട്രഷറർ), ഫിന്നി മാത്യു (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ആഗസ്റ്റ് 5നു നടന്ന ജനറൽ ബോഡിയിൽ പീറ്റർ മാത്യു കല്ലൂർ ഇലക്ഷൻ കമ്മീഷണറായും പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ജോൺസൻ പന്തളം എന്നിവർ റിട്ടേർണിംഗ് ഓഫീസർമാരായും പ്രവർത്തിച്ചു.

പ്രസിഡൻ്റ് ജസ്റ്റിൻ നെടുവേലിൽ, കുമ്പനാട് സെന്ററിലെ ഐ.പി.സി. മാരാമൺ സഭാംഗമാണ്. 2009 മുതൽ പി.വൈ.പി.എ. സംസ്ഥാന സമിതിയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. വൈസ് പ്രസിഡന്റ് സന്ദീപ് വിളമ്പുകണ്ടം, വയനാട് വിളമ്പുകണ്ടം താബോർ ഐ.പി.സി. സഭാംഗമാണ്. പി.വൈ.പി.എ. മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം, 2015 മുതൽ സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചുവരുന്നു. മറ്റൊരു വൈസ് പ്രസിഡന്റ് സുവി. അഡ്വ. ജോൺലി ജോഷി, മൂന്നാർ സെന്ററിലെ ബെഥേൽ ഐ.പി.സി സഭാ ശുശ്രൂഷകനാണ്. എൽ.എൽ.ബി. ബിരുദധാരിയായ ഇദ്ദേഹം 2004 മുതൽ നീണ്ട 22 വർഷമായി ഇടുക്കി ജില്ലയിലെ പി.വൈ.പി.എ. പ്രവർത്തനരംഗത്തെ സജീവസാന്നിധ്യമാണ്.
സെക്രട്ടറി ലിജോ സാമുവേൽ, അടൂർ തെങ്ങമം, ഹെബ്രോൻ ഐ.പി.സി. സഭാംഗമാണ്. പി.വൈ.പി.എ. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി ബേസിൽ ബേബി, പെരുമ്പാവൂർ, അറക്കപ്പടി ഐ.പി.സി. സഭാംഗമാണ്. പി.വൈ.പി.എ. സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു ജോയിന്റ് സെക്രട്ടറി മാത്യു വർഗീസ്, തിരുവനന്തപുരം, കുറവൻകോണം, ശാലേം അസംബ്ലി വർഷിപ്പ് സെന്റർ ഐ.പി.സി. സഭാംഗമാണ്. നിലവിൽ പി.വൈ.പി.എ. തിരുവനന്തപുരം മേഖല ട്രഷററായി പ്രവർത്തിക്കുന്നു.
ട്രഷറർ ആശിഷ് വർഗീസ്, ആലപ്പുഴ, കായംകുളം, എബനേസർ ഐ.പി.സി സഭാംഗമാണ്. പി.വൈ.പി.എ. സംസ്ഥാന ജോയിന്റ് കോ-ഓർഡിനേറ്റർ, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പബ്ലിസിറ്റി കൺവീനർ ഫിന്നി മാത്യു, കോട്ടയം സീയോൻ ടാബർനാക്കിൾ ഐപിസി സഭാംഗമാണ്. 16 വർഷമായി സെന്റർ പി.വൈ.പി.എ. സമിതി അംഗമായി പ്രവർത്തിച്ചുവരുന്നു.