2016-ല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ലോകത്ത് തൊണ്ണൂറായിരം പേര് കൊല്ലപ്പെട്ടതായി കണക്കുകള്‍
ലണ്ടന്‍: 2016-ല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ഒരോ ആറു മിനിറ്റിലും ഒരു വിശ്വാസി വീതം കൊല്ലപ്പെട്ടതായി കണക്കുകള്‍. ‘സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ന്യൂ റിലീജിയന്‍’ എന്ന സംഘടന നടത്തിയ പഠനത്തിലാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി 2016-ല്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സംഘടനയുടെ ഡയറക്ടറായ മാസിമോ ഇന്ട്രോവിഗ്നി ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചു. 90,000 ക്രൈസ്തവര്‍ക്കാണ് ഈ വര്‍ഷം മാത്രം വിവിധ തരത്തില്‍ അവരുടെ ജീവന് നഷ്ടമായത്. 2016-ല്‍ കൊല്ലപ്പെട്ട 70 ശതമാനം ക്രൈസ്തവരും ആഫ്രിക്കന്‍ ഭൂകണ്ഡത്തില്‍ നിന്നുള്ളവരാണ്. ഗോത്രവര്‍ഗ വിഭാഗത്തിലുള്ളവര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെ നടത്തിയ ആക്രമണത്തിലും, ക്രൈസ്തവരെ ലക്ഷ്യം വച്ച് പല തീവ്രവാദ സംഘടനകള്‍ നടത്തിയ സ്ഫോടനത്തിലുമാണ് അധികം പേരും കൊല്ലപ്പെട്ടിരിക്കുന്നത്. വിശ്വാസപരമായ കാരണങ്ങളാല്‍ ക്രൈസ്തവര്‍ ആയുധമെടുത്ത് അക്രമത്തിന് മുതിരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 30 ശതമാനം ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടന്ന ക്രൈസ്തവ വേട്ടയാടലുകളുടെ ഭാഗമായിട്ടും, ക്രൈസ്തവ ഗ്രാമങ്ങള്‍ നശിപ്പിക്കുവാന്‍ ചില സംഘങ്ങള്‍ നടത്തിയ ക്രൂരമായ നടപടികളിലും, തീവ്രവാദികളുടെ പലതരം ആക്രമണങ്ങളിലുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
2015-ല്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണത്തിലും താഴെയാണ് ഈ വര്‍ഷത്തെ കണക്കുകള്‍. 2015-ല്‍ 105,000 (ഒരു ലക്ഷത്തി അയ്യായിരം) ക്രൈസ്തവര്‍ക്കാണ് ക്രിസ്തുവിനെ പ്രതി ജീവന് നഷ്ടമായത്. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച ഇവര്‍ സഭയ്ക്ക് വിലപ്പെട്ടവരാണെന്നു മാസിമോ ഇന്ട്രോവിഗ്നി പറഞ്ഞു. അഞ്ചു വര്‍ഷത്തെ ആഭ്യന്തര കലാപം മൂലം സിറിയയിലെ ഭൂരിഭാഗം ക്രൈസ്തവരും കൊല്ലപെടുകയോ, അഭയാര്‍ത്ഥികളായി വിദേശരാജ്യങ്ങളിലേക്ക് കടക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. ഇപ്രകാരം നിരവധി വിശ്വാസികൾ സത്യവിശ്വാസത്തിനുവേണ്ടി ജീവൻ വെടിയുമ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ വിശ്വാസം തഴച്ചു വളരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിരവധി ക്രൈസ്തവ പീഡനങ്ങൾ നടക്കുന്ന കമ്യൂണിസ്റ്റു രാജ്യമായ ചൈന 2030-ഓടു കൂടി ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.