പാസ്റ്റർ ആൻഡ്രൂ ബ്രൺസൺ യു.എസ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അംഗം
ന്യൂയോർക്ക്: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമ്മീഷൻ (USCIRF) അംഗമായി മിഷനറിയായ പാസ്റ്റർ ആൻഡ്രൂ ബ്രൺസണെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ചു. തുർക്കിയിൽ 23 വർഷത്തോളം മിഷണറിയായി പ്രവർത്തിച്ച ബ്രൺസൺ, 2016-ൽ ചാരവൃത്തി ആരോപിച്ചും സർക്കാരിനെ ദുർബലപ്പെടുത്താൻ മതം ഉപയോഗിച്ചതായുമുള്ള വ്യാജ ആരോപണങ്ങളെ തുടർന്ന് തുർക്കിയിൽ അറസ്റ്റിലാവുകയും രണ്ട് വർഷത്തോളം തടവിൽ കഴിയുകയും ചെയ്തിരുന്നു. നയതന്ത്ര സമ്മർദ്ദങ്ങൾക്കൊടുവിൽ മോചിതനായ അദ്ദേഹം നിലവിൽ ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി പ്രവർത്തിക്കുന്ന ‘വേവ് സ്റ്റാർട്ടേഴ്സ്’ എന്ന സംഘടനയ്ക്ക് നേതൃത്വം നൽകി വരികയാണ്.
പാസ്റ്റർ ബ്രൺസണു പുറമെ പ്രമുഖ കത്തോലിക്കാ ബിഷപ്പ് റോബർട്ട് ബാരൺ, ജോസഫ് ഗ്രോഗൻ എന്നിവരെയും USCIRF കമ്മീഷണർമാരായി ട്രംപ് നിയമിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഈ നിയമനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും യു.എസ്. സർക്കാരിന് നയതന്ത്ര നിർദ്ദേശങ്ങൾ നൽകുന്നതിനുമായി രൂപീകരിച്ച സ്വതന്ത്ര ഏജൻസിയാണ് ഈ കമ്മീഷൻ.