പത്തുലക്ഷം സഭകൾ സ്ഥാപിക്കാൻ ‘വിഷൻ 36’ ദൗത്യ പദ്ധതിയുമായി ആംഗ്ലിക്കൻ കമ്മ്യൂണിയൻ
നെയ്റോബി: അടുത്ത പത്തു വർഷത്തിനുള്ളിൽ പത്ത് ലക്ഷം സഭകൾ സ്ഥാപിക്കുകയോ നവീകരിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ, വിപുലമായ ആഗോള ദൗത്യ നിർവ്വഹണ പദ്ധതിക്ക് ആംഗ്ലിക്കൻ കമ്മ്യൂണിയൻ (Anglican Communion) തുടക്കമിടുന്നു. ‘വിഷൻ 36’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, നവംബർ 11-ന് കെനിയയിലെ നെയ്റോബിയിൽ നടക്കുന്ന ആരാധനാ ശുശ്രൂഷയ്ക്കിടെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. ഈ ചടങ്ങ് ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ വിശ്വാസികൾക്കായി തത്സമയം സംപ്രേഷണം ചെയ്യും. ഓരോ ആംഗ്ലിക്കൻ വിശ്വാസിയും തങ്ങളുടെ വിശ്വാസത്തിൽ വളരാനും, ഓരോ സഭയും 2036-ഓടെ പുതിയ സഭാകൂട്ടായ്മകൾ സ്ഥാപിക്കാനോ അല്ലെങ്കിൽ നിലവിലുള്ളവയെ നവീകരിക്കാനോ ഈ സംരംഭം പ്രചോദനമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള സഭാ സ്ഥാപന (church planting)- മിഷൻ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി, ആംഗ്ലിക്കൻ കമ്മ്യൂണിയൻ കമ്മീഷൻ ഫോർ ഇവാഞ്ചലിസം ആൻഡ് ഡിസൈപ്പിൾഷിപ്പ് (Anglican Communion Commission for Evangelism and Discipleship) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഈ വർഷം ആദ്യം ബെൽഫാസ്റ്റിൽ ചേർന്ന ആംഗ്ലിക്കൻ കൺസൾട്ടേറ്റീവ് കൗൺസിൽ (Anglican Consultative Council) ഈ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ഓരോ സഭയും ‘വിഷൻ 36’-നായി ഒരു പ്രതിനിധിയെ നിയമിക്കാനും, സുവിശേഷപ്രഘോഷണം, ശിഷ്യത്വ പരിശീലനം, സഭാ വളർച്ച എന്നിവയ്ക്കായി സ്വന്തം കർമ്മപദ്ധതികൾ തയ്യാറാക്കാനും പ്രോത്സാഹിപ്പിക്കപ്പെടും. സുരക്ഷാ മാനദണ്ഡങ്ങൾക്ക് (safeguarding) ഈ പദ്ധതിയിൽ വലിയ പ്രാധാന്യമുണ്ട്; പുതിയ സഭാ കൂട്ടായ്മകൾ ആംഗ്ലിക്കൻ കമ്മ്യൂണിയന്റെ ‘സേഫ് ചർച്ച്’ (Safe Church) തത്വങ്ങൾ പാലിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ‘ഉദ്ദേശ്യപൂർവ്വമായ ശിഷ്യത്വം’ (intentional discipleship) എന്ന വിഷയത്തിൽ കഴിഞ്ഞ ഒരു ദശകമായി ആംഗ്ലിക്കൻ കമ്മ്യൂണിയൻ നൽകി വരുന്ന ഊന്നലിന്റെ തുടർച്ചയായാണ് ഈ പദ്ധതി വരുന്നത്. കൂടാതെ, 2033-ൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ 2000-ാം വാർഷികം ആഘോഷിക്കുന്ന വേളയുമായി ഇത് ഒത്തുചേരുകയും ചെയ്യും.