മതപരിവർത്തന നിയമം; മഹാരാഷ്ട്രയിൽ വി.ബി.എസ്സിന് കനത്ത ജാഗ്രതയും നിയന്ത്രണവും
മുംബൈ: സംസ്ഥാനത്തെ മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കുട്ടികൾക്കുള്ള വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നതിൽ കനത്ത ജാഗ്രത പുലർത്തി ക്രൈസ്തവ ദൈവസഭകൾ. മറ്റു മതവിഭാഗങ്ങളിലെ കുരുന്നുകളെ മതവിശ്വാസം മാറ്റാൻ ആകർഷിച്ചതാണെന്ന ആരോപണം തടയാനായി രജിസ്ട്രേഷൻ ഫീസ് ഈടാക്കുകയും രക്ഷിതാക്കളുടെ സമ്മതപത്രവും രജിസ്റ്ററുകളും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ തരം ആരോപണങ്ങളും പരാതികളും ഒഴിവാക്കാൻ പല സഭകളും ഈ വർഷം വി.ബി.എസ്. ഒഴിവാക്കുകയോ ക്രൈസ്തവ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യും. വാടക കെട്ടിടങ്ങളിലും വീടുകളിലും പ്രവർത്തിക്കുന്ന ചെറിയ സഭകളെയാണ് എതിർപ്പുകളും പരിശോധനകളും പ്രധാനമായും ബാധിച്ചിരിക്കുന്നത്. സി.എൻ.ഐ. മുംബൈ ഉൾപ്പെടെയുള്ള വിവിധ രൂപതകളും സഭാ കൂട്ടായ്മകളും തങ്ങളുടെ കീഴിലുള്ള ഇടവകകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വവും സഭകളുടെ നിയമപരമായ സുതാര്യതയും ഉറപ്പാക്കാനാണ് വി.ബി.എസിന് ഇത്തരത്തിൽ കർശനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.