നൈജീരിയയിലെ ക്രൈസ്തവ പീഡനം: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ശക്തമായി ഇടപെടണമെന്ന് ജനപ്രതിനിധികൾ
വാഷിംഗ്ടൺ ഡി.സി.: നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങളും വംശീയ-മത സംഘർഷങ്ങളിലെ മരണസംഖ്യയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നൈജീരിയൻ സർക്കാരിനെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ക്രിയാത്മകമായി ഇടപെടണമെന്ന് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ. നവംബർ 12 വ്യാഴാഴ്ച യു.എസ്. ഹൗസ് ഫോറിൻ അഫയേഴ്സ് സബ് കമ്മിറ്റി ഓൺ ആഫ്രിക്ക നടത്തിയ ഹിയറിംഗിലാണ് ഈ ആവശ്യം ഉയർന്നത്. മതസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ (Country of Particular Concern – CPC) പ്രഖ്യാപിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് സബ് കമ്മിറ്റി സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേർന്നത്.
“നൈജീരിയയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് മറ്റു പലരെയും പോലെ ഞാനും സംശയിക്കുന്നു. അവിടെ എന്തെങ്കിലും യഥാർത്ഥ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ?” മിഷിഗണിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ബിൽ ഹുയിസെംഗ ചോദ്യമുയര്‍ത്തി. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ ഭീകരവാദം, കൊള്ള, തട്ടിക്കൊണ്ടുപോകൽ, കൂട്ടക്കൊലകൾ എന്നിവ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഫുലാനി ഹെര്‍ഡ്സ്മാന്‍ ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളും ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നിവരുമാണ് ഈ അക്രമങ്ങൾക്ക് പിന്നിൽ. അതേസമയം ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച യു.എസ്-നൈജീരിയ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളില്‍ പുരോഗതിയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറിമാരായ ഫ്രാങ്ക് ഗാർസിയയും റൈലി ബാർൺസും സമിതിയെ അറിയിച്ചു. നിരവധി പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പ്രവർത്തനങ്ങൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി.