ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിൽ, ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ, ഇന്ന് (നവംബർ 4 വ്യാഴം) വെളുപ്പിനെ ഒരു ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. അപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ കമാൻഡ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികളും ഉൾപ്പെടുന്നു.
പോലീസ്, ആംബുലൻസ് സർവീസുകൾ, സിവിൽ ഡിഫൻസ് എന്നിവയുടെ പ്രത്യേക സംഘങ്ങൾ ഉടൻ തന്നെ അപകടസ്ഥലത്തേക്ക് കുതിച്ചെത്തി. പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകാനും ആവശ്യമായ വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റാനുമുള്ള നടപടികൾ അവർ ആരംഭിച്ചു. കൂടാതെ, അപകടസ്ഥലം സുരക്ഷിതമാക്കാനും ഗതാഗതം നിയന്ത്രിക്കാനും ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തി.