ഛത്തിസ്ഗഡിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ അക്രൈസ്തവർക്ക് പ്രവേശന വിലക്ക്
ധംതരി: മതപരിവർത്തന ആരോപണങ്ങൾ പതിവായ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇതര മതസ്ഥരുടെ പ്രവേശനം നിയന്ത്രിച്ച് ഛത്തിസ്ഗഡിലെ ധംതരിയിലുള്ള ക്രൈസ്തവ സഭകൾ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ എട്ടോളം ദേവാലയങ്ങളിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിപ്പിച്ചു. പ്രാർഥനയ്ക്കുള്ള പ്രവേശനം ക്രൈസ്തവർക്കു മാത്രമാണെന്നും ഇതര മതസ്ഥർ സ്വന്തം ഇഷ്ടപ്രകാരം പ്രവേശിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് അവർ തന്നെയായിരിക്കും ഉത്തരവാദികളെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
ധംതരിയിലെ 116 വർഷം പഴക്കമുള്ള സുന്ദർഗഞ്ച് മെനോനൈറ്റ് ദേവാലയത്തിലടക്കമാണു മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. ജില്ലയിലെ മറ്റു ദേവാലയങ്ങളിലും പ്രാർഥനാ കേന്ദ്രങ്ങളിലും സമാനമായ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ ധംതരി ജില്ലാ ക്രിസ്ത്യൻ ഫോറം തീരുമാനിച്ചു. സമുദായംഗങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു നടപടിയെന്നു ഫോറം ജനറൽ സെക്രട്ടറി ഡോ. ഡയമണ്ട് ഫിലസ് പറഞ്ഞു.
കഴിഞ്ഞ 15നു ജില്ലാ കലക്റ്ററേറ്റിൽ ഹിന്ദു സംഘടനകൾ, സർവ ആദിവാസി സമാജ്, ക്രിസ്ത്യൻ ഫോറം പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗം ചേർന്നിരുന്നു. ഇതിനു ശേഷമാണ് നിർദേശം കർശനമായി നടപ്പാക്കാൻ തുടങ്ങിയത്. ചില ഉദ്യോഗസ്ഥരും തീവ്ര സംഘടനകളും സമ്മർദം ചെലുത്തുന്ന സാഹചര്യത്തിൽ, ഭാവിയിലുണ്ടാകാവുന്ന നിയമസങ്കീർണതകൾ ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നു ഡയമണ്ട് ഫിലസ് അറിയിച്ചു.
അതേസമയം, പുതിയ മതപരിവർത്തന നിരോധന നിയമപ്രകാരം ആയിരത്തിലധികം പേർ തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നതെന്ന് കാണിച്ച് കലക്റ്ററേറ്റിൽ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിച്ചിട്ടുണ്ടെന്നും ക്രിസ്ത്യൻ ഫോറം അറിയിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ജില്ലാ ഭരണകൂടം തയാറായിട്ടില്ല. എന്നാൽ, പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.