പെര്‍മിറ്റ് നിഷേധത്തെ തുടർന്ന് ജെറുസലേമിലെ ക്രിസ്ത്യൻ സ്കൂളുകളുടെ പ്രവര്‍ത്തനം നിർത്തിവെച്ചു
യെരൂശലേം: അധ്യാപകർക്കും ജീവനക്കാർക്കും യാത്ര പെർമിറ്റ് പുതുക്കി നൽകാൻ ഇസ്രായേൽ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യെരുശലേമിലെ ക്രിസ്ത്യൻ സ്കൂളുകളിലെ അധ്യായനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് പെർമിറ്റ് പ്രതിസന്ധിയെ തുടർന്ന് മേഖലയില്‍ ക്ലാസുകൾ തടസ്സപ്പെടുന്നത്. വെസ്റ്റ് ബാങ്കിൽ നിന്നുള്ള എഴുപതിലധികം അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമാണ് യെരുശലേമിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് ഇസ്രായേൽ നിഷേധിച്ചത്. ഇതോടെ പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ എണ്ണായിരത്തിലധികം വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായി. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയിൽ ഇസ്രായേൽ പെർമിറ്റുകൾ തടഞ്ഞുവെച്ചതിനെ തുടർന്ന് ക്ലാസുകൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. രക്ഷാകർതൃ പ്രതിനിധികളുമായും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് ക്ലാസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും, ആവശ്യമായ പെർമിറ്റുകൾ ലഭിക്കുന്നതുവരെ സ്കൂളുകൾ അടഞ്ഞുകിടക്കുമെന്നും ക്രൈസ്തവ നേതൃത്വം അറിയിച്ചു.
യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെയാണ് ഇസ്രായേൽ അധികൃതർ പെർമിറ്റുകൾ നിഷേധിച്ചതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. വലിയൊരു വിഭാഗം ജീവനക്കാരുടെ അഭാവം പഠനത്തെ മാത്രമല്ല, സ്കൂളുകളുടെ ഭരണനിർവ്വഹണം, ശുചിത്വം, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി യെരുശലേമിലെ സാമൂഹിക – സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് ഭരണകൂടത്തിന്റെ കര്‍ശന നിലപാടില്‍ അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള നടപടികൾ കൂടെകൂടെ ഉണ്ടാകുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ ഭാവിയെയും ദോഷകരമായി ബാധിക്കുമെന്ന് സ്കൂൾ ജനറൽ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു.