സെപ്റ്റംബർ (SEPTEMBER) 3
സാധു സുന്ദർസിംഗ് ജന്മദിനം
സാധു സുന്ദർ സിംഗ് (Sadhu SundarSingh):
1889 സെപ്റ്റംബർ 3ന് പട്യാലാ രാജ്യത്തിലെ (ഇന്നത്തെ പഞ്ചാബ്) രാംപൂർ ഗ്രാമത്തിൽ, ഒരു സിഖ് കുടുംബത്തിൽ ജനനം. ചെറുപ്പം മുതൽ തന്നെ ആത്മീയ കാര്യങ്ങളിൽ വലിയ താൽപര്യം പ്രകടിപ്പിച്ച സുന്ദർ സിംഗ് അമ്മയുടെ സ്വാധീനത്തിൽ വിവിധ മതങ്ങളെപ്പറ്റി അവയുടെ ഓരോ ഗ്രന്ഥങ്ങളിലൂടെ പഠിച്ചു മനസ്സിലാക്കി. പിന്നീട് അദ്ദേഹം ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ആഴത്തിൽ അന്വേഷിച്ചു. കൗമാരപ്രായത്തിൽ യേശുക്രിസ്തുവിനെക്കുറിച്ചുണ്ടായ ആത്മീയ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ പൂർണ്ണമായി മാറ്റിമറിച്ചു.
1904–05 കാലഘട്ടത്തിൽ, തന്റെ ജീവിതത്തിലെ നിർണായകമായ ഒരു ആത്മീയ അനുഭവത്തിൽ യേശുക്രിസ്തുവിനെ ദർശിച്ചതായി സുന്ദർസിംഗ് പിന്നീട് സാക്ഷ്യപ്പെടുത്തി. തുടർന്ന് 1905 സെപ്റ്റംബർ 3-ന്, തന്റെ പതിനാറാം ജന്മദിനത്തിൽ, ഷിംലയിൽ വെച്ച് അദ്ദേഹം സ്നാനം സ്വീകരിച്ചു, ക്രിസ്തീയ സന്യാസിയായുള്ള ജീവിതം സ്വീകരിച്ചു ഇന്ത്യയിലും ഹിമാലയ പ്രദേശങ്ങളിലും സഞ്ചരിച്ചു. ഇന്ത്യൻ ജനങ്ങളിലേക്ക് ക്രിസ്തുവിന്റെ സന്ദേശം അവരുടെ സംസ്കാരപരമായ പശ്ചാത്തലത്തിൽ എത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട് അദ്ദേഹം കാവി വസ്ത്രം ധരിച്ച ഒരു ഭാരതീയ സാധുവിന്റെ വേഷവും ജീവിതശൈലിയും സ്വീകരിച്ചു. സ്വന്തമായി സമ്പത്തോ സ്ഥിരമായ വീടോ ഇല്ലാതെ, പലപ്പോഴും കാൽനടയായി സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. കൈവശം പ്രധാനമായും ഒരു പുതിയ നിയമഗ്രന്ഥം മാത്രമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം പിന്നീട് ഹിമാലയ പ്രദേശങ്ങളിലും ടിബറ്റിലും സുവിശേഷപ്രഘോഷണം നടത്തി. നിരവധി ദുഷ്കരമായ യാത്രകൾ നഗ്നപാദനായാണ് അദ്ദേഹം നടത്തിയത്. അതിനാൽ അദ്ദേഹം “Apostle with the Bleeding Feet” എന്ന പേരിൽ അറിയപ്പെട്ടു.
ഇന്ത്യയുടെ സംസ്കാരത്തോടും ആത്മീയ പാരമ്പര്യത്തോടും ചേർന്ന രീതിയിൽ ക്രിസ്തീയ സന്ദേശം അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1918–22 കാലഘട്ടത്തിൽ അദ്ദേഹം ഏഷ്യയിലും പാശ്ചാത്യ രാജ്യങ്ങളിലുമായി യാത്ര ചെയ്തു. അനന്തരം, 1929ൽ ടിബറ്റിലേക്കുള്ള യാത്രയ്ക്കിടെ ഹിമാലയ പ്രദേശത്ത് സുന്ദർസിംഗ് കാണാതായി. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല. അതിനാൽ അദേഹത്തിന്റെ മരണത്തെ സാധാരണയായി 1929 എന്ന വർഷമായാണ് രേഖപ്പെടുത്തുന്നത്.