ഹെയ്റ്റിയില്‍ ക്രൈസ്തവ കൂട്ടക്കൊല: ദൈവാലയം തീയിട്ടു, 47 പേര് കൊല്ലപ്പെട്ടു, 50-ലേറെ പേരെ തട്ടിക്കൊണ്ടുപോയി
പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്റ്റിയില്‍ ക്രൈസ്തവ കൂട്ടക്കൊലയുടെ ഭീതിതമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്; അക്രമി സംഘങ്ങള്‍ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്സില്പ്രാര്ത്ഥനയ്ക്കായി ആളുകള്‍ തടിച്ചുകൂടിയ ഇവാഞ്ചലിക്കല്‍ ദൈവാലയം അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. 5 കുട്ടികളടക്കം 47 ഓളം പേര് കൊല്ലപ്പെട്ടു. തലസ്ഥാന നഗരത്തിന്റെ 90 ശതമാനവും നിലവില്‍ അക്രമി സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. ഭരണകൂടം തങ്ങളുടെ സഹപ്രവര്‍ത്തകരെ ഉപദ്രവിച്ചാല്‍ തടവുകാരെ കൊല്ലുമെന്ന് അക്രമി സംഘ തലവന്‍ ഭീഷണി മുഴക്കി.ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാന് കഴിയാതെ ഹെയ്റ്റി ഭരണകൂടം പതറുമ്പോള്‍, രാജ്യം കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്കാണ് വഴിമാറുന്നത്. പോര്‍ട്ട്-ഓ-പ്രിന്‍സിലെ കെന്‍സ്കോഫ് മേഖലയിലാണ് ആയുധധാരികളായ അക്രമി സംഘങ്ങള്‍ വിശ്വാസികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.
സംഭവത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ശക്തമായ അപലപിച്ചു. ഹെയ്റ്റിയില്‍ ക്രൈസ്തവ സഭകളും വിശ്വാസി സമൂഹവും നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് ജെറേമി രൂപതാ ബിഷപ്പ് ജോസഫ് ഗോണ്ട്രാന്റ് ഡെക്കോസ്റ്റ് പ്രതികരിച്ചു. അനീതിക്കെതിരെയുള്ള ധാര്‍മ്മിക ആത്മീയ പ്രതിരോധമാണ് സഭയെന്നതിനാലാണ് ക്രൈസ്തവരെ നിര്‍ദ്ദയം ഇല്ലാതാക്കാന്‍ അക്രമകാരികള്‍ ശ്രമിക്കുന്നത് എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ദൈവാലയ സമുച്ചയത്തിനുള്ളില്‍ അഭയം തേടിയ 22 പേരെ അക്രമികള്‍ അതി ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഇവാഞ്ചലിക്കല്‍ ദൈവാലയം അക്രമികള്‍ പൂര്‍ണ്ണമായി തീയിട്ടു നശിപ്പിച്ചു. 25-ഓളം വീടുകളും അക്രമികള്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ 5 കുട്ടികളടക്കം 47 ഓളം പേര് കൊല്ലപ്പെട്ടതായി യു.എന്‍ സ്ഥിരീകരിച്ചു. അതിക്രമത്തിന് ശേഷം അമ്പതിലേറെ പേരെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. നിലവില്‍ പോര്‍ട്ട്-ഓ-പ്രിന്‍സിലെ 40-ഓളം ക്രിസ്തീയ ആരാധനാലയങ്ങൾ സുരക്ഷാഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയിരിക്കുകയാണ്. ഈ വര്‍ഷം മാത്രം പ്രക്ഷോഭങ്ങളിലും അക്രമണങ്ങളിലുമായി 3,000-ത്തിലധികം ആളുകളാണ് ഹെയ്റ്റിയില്‍ കൊല്ലപ്പെട്ടത്.