അമേരിക്കൻ നഗരമായ ഡിയർബോൺ ശരീയത് നിയമത്തിൻ കീഴിലെന്ന ആരോപണവുമായി പാസ്റ്റർ
ഡിയർബോൺ (യു.എസ്.): അമേരിക്കൻ നഗരമായ മിഷിഗണിലെ ഡിയർബോൺ, രാജ്യത്തെ ഭരണഘടനയ്ക്ക് പകരമായി ഇസ്ലാമിക ഷരീഅത്ത് നിയമങ്ങൾക്ക് കീഴിലായെന്ന് വൺ എയ്റ്റി ചർച്ച് പാസ്റ്ററായ ലോറെൻസോ സെവെൽ ആരോപിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിലാണ് പ്രാദേശിക ഭരണകൂടം മുസ്ലിം വിഭാഗക്കാർക്ക് വഴിവിട്ട പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് പാസ്റ്റർ രോഷാകുലനായത്. രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമുള്ള ഒരു വിഭാഗത്തിന്റെ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഇവർ വ്യക്തമാക്കി. എന്നാൽ ഭരണകൂടം എല്ലാവർക്കും ഒരുപോലെയുള്ള നിയമ പരിരക്ഷയാണ് നൽകുന്നതെന്നും ആർക്കും പ്രത്യേക പരിഗണന നൽകുന്നില്ലെന്നും ഡിയർബോൺ അധികൃതർ അറിയിച്ചു. “നിങ്ങൾ അമേരിക്കൻ നിയമത്തിന് കീഴിലല്ല, മറിച്ച് ശരീഅത്ത് നിയമത്തിന് കീഴിലാണ്,” എന്ന് പറഞ്ഞ അദ്ദേഹം, സമീപകാല സംഘർഷങ്ങൾക്ക് ശേഷം കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും വാദിച്ചു.
അടുത്തിടെ ഡിയർബോണിൽ നടന്ന അർബയീൻ റാലിക്കിടെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ജെയ്ക്ക് ലാങിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസ് വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നാണ് പ്രധാന വിമർശനം. മുസ്ലിം പ്രതിഷേധക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്തത് നഗരത്തിൽ ഷരീഅത്ത് സ്വാധീനം വർദ്ധിച്ചതിന്റെ തെളിവാനെന്ന് സെവെലും അനുകൂലികളും വാദിക്കുന്നു. ശരീഅത്ത് നിയമത്തെ പരസ്യമായി തള്ളിപ്പറയാൻ കൗൺസിൽ അംഗങ്ങളെ വെല്ലുവിളിച്ച സെവെൽ, ഈ തർക്കത്തെ അമേരിക്കയുടെ മതപരമായ സ്വത്വത്തിന് വേണ്ടിയുള്ള പോരാട്ടമായാണ് ചിത്രീകരിച്ചത്. “നമ്മൾ മുസ്ലീങ്ങളുടെ രാഷ്ട്രമല്ല; നമ്മൾ ക്രിസ്ത്യാനികളുടെ രാഷ്ട്രമാണ്. ദൈവത്തിന് കീഴിലുള്ള ഒരൊറ്റ രാഷ്ട്രമാണ് നമ്മൾ,” എന്ന് പ്രഖ്യാപിച്ച അദ്ദേഹം, “ബൈബിളിലെ ദൈവം, കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം,” എന്നും കൂട്ടിച്ചേർത്തു. ഏറ്റവും ശക്തമായ ആരോപണത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്: “അമേരിക്ക, നമുക്ക് ഈ നഗരം നഷ്ടമായിരിക്കുന്നു. അമേരിക്കൻ നിയമങ്ങൾക്ക് കീഴിലല്ലാത്ത ഒരു നഗരമാണിത്.”