സമാധാന കരാറിൽ ക്രൈസ്തവ-മുസ്ലിം നേതാക്കൾ ഒപ്പുവെച്ചു

അബുജ: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മതസൗഹാർദ്ദം ഉറപ്പുവരുത്തുന്നതിനും വിദ്വേഷ പ്രസംഗങ്ങളും തീവ്രവാദ നിലപാടുകളും ചെറുക്കുന്നതിനുമായി നൈജീരിയയിലെ ക്രൈസ്തവ-മുസ്ലിം മതനേതാക്കൾ ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യ ആസ്ഥാനമായുള്ള ‘മുസ്ലിം വേൾഡ് ലീഗ്’ നൈജീരിയയിലെ അബുജയിൽ ആഗസ്റ്റ് 12നു സംഘടിപ്പിച്ച ചടങ്ങിൽ ആണ് രാജ്യത്തെ അമ്പതിലധികം പ്രമുഖ ക്രൈസ്തവ, ഇസ്ലാമിക നേതാക്കൾ കരാറിൽ ഒപ്പുവെച്ചത്. വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനായി മതസൗഹാർദ്ദ കൂട്ടായ്മയ്ക്കും ചടങ്ങിൽ രൂപം നൽകി. മതപരമായ ഭിന്നതകളും അക്രമ സംഭവങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം.
മതനേതാക്കൾ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾ തടയാൻ ഈ ഉടമ്പടി സഹായകമാകുമെന്ന് നോർത്തേൺ ക്രിസ്ത്യൻ റിലീജിയസ് ലീഡേഴ്സ് അസംബ്ലി ചെയർമാൻ ജോൺ പ്രെയ്സ് ഡാനിയൽ വ്യക്തമാക്കി. മറ്റുള്ളവരെ അവിശ്വാസികളെന്ന് മുദ്രകുത്തുന്നതും മറ്റ് മതവിഭാഗങ്ങളെ അനാദരിക്കുന്നതും അവസാനിപ്പിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു. നൈജീരിയൻ പ്രസിഡൻ്റ് ബോല ടിനുബുവിന് വേണ്ടി ഡെപ്യൂട്ടി സെനറ്റ് പ്രസിഡൻ്റ് ബറൗ ജിബ്രിനും മൂന്ന് വടക്കൻ സംസ്ഥാനങ്ങളിലെ ഗവർണർമാരും ചടങ്ങിൽ പങ്കെടുത്തു. വ്യത്യാസങ്ങൾക്കിടയിലും രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജിബ്രിൻ വ്യക്തമാക്കി. വർഷങ്ങളായി ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകളുടെ ആക്രമണങ്ങൾ നേരിടുന്ന നൈജീരിയയിൽ, ഭിന്നതകൾ ഇല്ലാതാക്കി തിരഞ്ഞെടുപ്പ് പ്രക്രിയയെ സമാധാനപരമാക്കാനുള്ള പ്രധാന ചുവടുവെപ്പായാണ് ഈ സമാധാന കരാർ വിലയിരുത്തപ്പെടുന്നത് .