കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 1869ലെ വിവാഹമോചന നിയമത്തിലെ വ്യവസ്ഥയിലാണ് ഹൈക്കോടതിയുടെ വ്യാഖ്യാനം. ഒരു ക്രിസ്ത്യൻ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിക്കുമ്പോൾ, അവൾ താമസിക്കുന്ന കുടുംബ കോടതിയെ സമീപിക്കാൻ കഴിയുമെന്നു കോടതി പറഞ്ഞു. വിവാഹ സ്ഥലത്തോ ഭര്‍ത്താവിന്റെ സ്ഥലത്തോ തന്നെ ഇനി ഹരജി നല്‍കേണ്ടതില്ല. ഭാര്യ താമസിക്കുന്ന സ്ഥലത്തെ കോടതിയില്‍ വിവാഹമോചനം തേടാം. ഭാര്യയുടെ താമസം എവിടെയാണോ അവിടുത്തെ കുടുംബ കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്നും ക്രിസ്ത്യന്‍ സ്ത്രീകളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അവകാശ നിഷേധം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹിന്ദു, സ്പെഷല്‍ മാര്യേജ് നിയമങ്ങളിലെ വ്യവസ്ഥ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹ നിയമത്തിലും സ്പെഷൽ മാര്യേജ് ആക്ടിലും ഭാര്യ താമസിക്കുന്ന സ്ഥലത്ത് ഹർജി നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും ക്രൈസ്തവർക്ക് ബാധകമായ 1869ലെ വിവാഹമോചന നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഇത് വിവേചനപരമാണെന്നും ഒഴിവാക്കേണ്ടതാണെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ.പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വയനാട് സ്വദേശിനിയുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. ഭർത്താവിന്റെ സ്ഥലമായ കാസർകോടായിരുന്നു വിവാഹം. ഭർതൃവീട്ടിൽ കടുത്ത ഗാർഹിക പീഡനത്തെ തുടർന്നു വയനാട്ടിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. തുടർന്ന് കൽപറ്റ കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകിയെങ്കിലും നിയമപ്രകാരം വിവാഹം നടന്നതോ ദമ്പതികൾ ഒന്നിച്ച് താമസിച്ചതോ ആയ സ്ഥലത്തെ കോടതിക്കേ അധികാരമുള്ളൂ എന്ന് ചൂണ്ടിക്കാട്ടി ഹർജി അനുവദിച്ചില്ല. ഇതിനെതിരെ നൽകിയ ഹർജിയിൽ ആവശ്യം സിംഗിൾ ബെഞ്ചും നിരസിച്ചതിനെ തുടർന്നാണു ഹർജിക്കാരി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.