കോവിഡ് -19 എന്ന പകർച്ചവ്യാധി വരുത്തിവച്ച അനേകം നഷ്ടങ്ങളുടെ കൂട്ടത്തിൽ ക്രിസ്തീയ ദേവാലയങ്ങൾക്കും ഉണ്ടായിരിക്കുന്നത് സാരമായ ദോഷം തന്നെയാണ്. അതിനെപ്പറ്റി പറയുക എന്നതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. അതിന്റെ വ്യാപ്തിയെക്കുറിച്ച് പഠനങ്ങളും സെമിനാറുകളും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണല്ലോ? അത് ഇനിയും തുടരട്ടെ. എന്നാൽ നമുക്ക് ഇനി മുമ്പോട്ടുള്ള ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതല്ലേ നല്ലത്.
അഞ്ചു വർഷങ്ങൾക്കു മുമ്പ് ഡാളസിലെ ഒരു പ്രമുഖ സഭയിലെ ആരാധനയിൽ പങ്കെടുക്കുവാൻ ഇടയായി.
അന്ന് മുതിർന്നവരുടെ സണ്ടേസ്കൂൾ ക്ളാസ്സ് എടുത്തത് ശുശ്രൂഷയിൽ വളരെ പരിചയമുള്ള ഒരു ദൈവ ദാസനായിരുന്നു. ബൈബിളിനെക്കുറിച്ച് വളരെ ശക്തമായി പറയുന്ന കൂട്ടത്തിൽ അദ്ദേഹം ആവേശത്തോടെ പറഞ്ഞത്, ‘ഇന്ന് പല വിശ്വാസികളും പ്രിന്റഡ് ബൈബിളിനു പകരം ഉപയോഗിക്കുന്നത് ഡിജിറ്റൽ ബൈബിൾ ആണെന്നും എന്റെ കൊക്കിനു ജീവനുള്ള കാലത്തോളം ഈ കറുത്ത ബയന്റിട്ട പുസ്തകം ഉപേക്ഷിക്കുകയില്ലെന്നും’ പറഞ്ഞപ്പോൾ കേരളത്തിൽ നിന്നും അൽപ്പം വൈകിയെത്തിയ പക്വത’യുള്ള വിശ്വാസികൾ ആവേശത്തോടെ കയ്യടിച്ച് ആ പ്രസ്താവന ഏറ്റെടുത്തു. അപ്പോൾ എന്റെ അടുത്തിരുന്ന എന്റെ സ്നേഹിതനോട് ഞാൻ പറഞ്ഞു, ‘ഇന്നത്തെ പോക്ക് പോയാൽ അടുത്ത പത്തു വർഷത്തിനുള്ളിൽ ബൈബിൾ ഉൾപ്പെടെ എല്ലാം ഡിജിറ്റൽ ആയി മാറും; അപ്പോൾ ഇദ്ദേഹം അതിനെ എങ്ങനെ ഉൾക്കൊള്ളും’ എന്ന്! കാലത്തിന്റെ പോക്ക് മനസിലാക്കുന്ന ഏതൊരു വ്യക്തിയും പറയാൻ സാദ്ധ്യതയുള്ള ഒരു കമന്റ് മാത്രമാണത്. എന്നാൽ അത് പറഞ്ഞിട്ട് ഇന്ന് അഞ്ച് വർഷം കഴിയുമ്പോൾ ബൈബിൾ മാത്രമല്ല, ചർച്ചും ഡിജിറ്റലായിക്കഴിഞ്ഞു.
സാവധാനം സഭാമന്ദിരങ്ങൾ അപ്രത്യക്ഷമാകുകയാണ്.
ഇന്നത്തെ സാഹചര്യങ്ങൾ മാറും. പഴയതുപോലെ എല്ലാം തിരികെ വരുമെന്ന് ഞാനും പ്രതീക്ഷിക്കുകയാണ്. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നാൽ തിരിച്ചാണ് സംഭവിക്കുന്നതെങ്കിലോ? അടച്ചിടലിന്റെ വ്യാപനം ഇനിയും വർദ്ധിച്ചാലോ? ഒരു പക്ഷെ കോവിഡിനെക്കാൾ മാരകമായതൊന്നാണ് ഇതിന്റെ പിറകെ വരുന്നതെങ്കിലോ? നമ്മുടെ സഭയോ നേതൃത്വമോ അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? പക്വമെന്നോ അപക്വമെന്നോ പറയാവുന്ന ചില പ്രായോഗിക ചിന്തകളാണ് ഇവിടെക്കുറിക്കുന്നത്
- ‘ഭവന സഭകൾ’(House Churches) എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുക. ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ വലിയ വിജയമായി മാറിയ രീതിയാണിത്.
- ഒരു സഭയിൽത്തന്നെ അടുത്തടുത്ത് താമസിക്കുന്ന വിശ്വാസ ഭവനങ്ങളിൽപ്പെട്ടവർ ആഴ്ചയിലൊരിക്കൽ
ഒരുമിച്ചുകൂട്ടുന്നതിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. എന്നാൽ അൽപ്പം തയ്യാറെടുപ്പുകൾ ഇതിന് ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ യോഗം നടക്കുന്ന ഭവനത്തിന് ആവശ്യത്തിന് സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കുക. കൃത്യമായ സുരക്ഷിതമാർഗ്ഗങ്ങൾ പാലിച്ചുകൊണ്ട്, പങ്കെടുക്കുന്ന ഭവനങ്ങളുടെ എണ്ണം പരിമിതപ്പടുത്തുക. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അത് മറ്റൊരു കൂട്ടമായി മാറുക. കർത്തൃമേശ നടത്താനുള്ള സാഹചര്യവും ഉണ്ടാക്കുക. അതിനായി (വേണമെങ്കിൽ) പാസ്റ്ററുടെ സേവനം പ്രയോജനപ്പെടുവുന്നതാണ്. നല്ല സാക്ഷ്യവും ദൈവവചനത്തിൽ പരിജ്ഞാനവുമുള്ള ഏതൊരു മുതിർന്ന വിശ്വസിക്കും പാസ്റ്ററുടെ നിർദ്ദേശപ്രകാരം ചെയ്യാവുന്ന ശുശ്രൂഷയാണ് കർത്തൃമേശ.