ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് ഡോ. തോംസൺ കെ. മാത്യു, ഡോ. ബാബു കെ വർഗീസ്, ഇവാ. വിത്സൻ ചേന്നനാട്ടിൽ എന്നിവർക്ക്
കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 2025 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ക്രൈസ്തവ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വില്യം കേറി അവാർഡിന് ഡോ. തോംസൺ കെ. മാത്യുവും, മഹാകവി കെ. വി.സൈമൺ സാഹിത്യ അവാർഡിന് ഡോ.ബാബു കെ. വർഗീസും, മിഷനറി വി. നാഗൽ കീർത്തന സാഹിത്യ അവാർഡിന് ഇവാ. വിൽസൺ ചേന്നനാട്ടിലും അർഹരായി. അക്കാദമിയുടെ അവാർഡ് നിർണയ യോഗത്തിൽ പ്രസിഡന്റ് ടോണി ഡി. ചെവ്വൂക്കാരൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, രക്ഷാധികാരി ഇവാ. ജെ.സി. ദേവ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, ട്രഷറർ ലിജോ വർഗീസ് പാലമറ്റം, പ്രോഗ്രാം കൺവീനർ ഷാജി മാറനാഥാ, മീഡിയ കൺവീനർ സാം കൊണ്ടാഴി എന്നിവർ അവാർഡ് നിർണയ ജൂറി അംഗങ്ങളായിരുന്നു. നവംബറിൽ അങ്കമാലിയിൽ നടക്കുന്ന അക്കാദമിയുടെ 38 മത് വാർഷിക സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.
വില്യം കേറി അവാർഡ് ജേതാവായ ഡോ. തോംസൺ കെ. മാത്യു കേരള സർവകലാശാല, യേൽ, ഓറൽ റോബർട്സ്, ഒക്ക്ലഹോമ സ്റ്റേറ്റ് എന്നീ സർവകലാശാലകളിൽ നിന്ന് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഓറൽ റോബർട്സ് യൂണിവേഴ്സിറ്റിയിൽ ദീർഘകാലം പ്രൊഫസറായും ഡീനായും സേവനമനുഷ്ഠിച്ച അദ്ദേഹം പാസ്റ്ററൽ കെയർ, ആത്മീയ നേതൃത്വം എന്നീ മേഖലകളിൽ അന്തർദേശീയ തലത്തിൽ അധ്യാപകനും എഴുത്തുകാരനുമാണ്. Spiritual Identity and Spirit-Empowered Life, Ministry Research Simplified തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം ആഗോളതലത്തിൽ സുവിശേഷപ്രഘോഷണവും പരിശീലനവും നൽകിവരുന്നു. ഭാര്യ: മോളി.
ചരിത്രകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ. ബാബു കെ. വർഗീസ് ഇംഗ്ലീഷിലും മലയാളത്തിലുമായി 30-ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാരതത്തിന്റെ വികസനത്തിൽ മിഷണറിമാരുടെ പങ്കു വ്യക്തമാക്കുന്ന “ആധുനിക ഭാരതം: ബൈബിളിന്റെ സൃഷ്ടി” എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. 1950-ൽ പത്തനംതിട്ടയിലെ മൈലപ്രയിൽ ജനിച്ച അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. കൂടാതെ ഫൊണറ്റിക്സ്, ഇന്ത്യൻ ഭാഷകൾ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിൽ പി.ജി. ഡിപ്ലോമകളും കരസ്ഥമാക്കി. പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലമായി മുംബൈയിലാണ് താമസം. ഭാര്യ: എൽസി. മക്കൾ: സ്നേഹ, തിമൊത്തി.
അരനൂറ്റാണ്ടായി ക്രൈസ്തവ സംഗീതരംഗത്ത് സജീവമായ ഇവാ. വിൽസൺ ചേന്നനാട്ടിൽ ചെങ്ങന്നൂർ സ്വദേശിയാണ്. “സീയോൻ യാത്രയതിൽ മനമേ”, “ഇത്രത്തോളം ജയം തന്ന” തുടങ്ങി 350-ലധികം ഗാനങ്ങളുടെ രചയിതാവും സംഗീതസംവിധായകനുമാണ് അദ്ദേഹം. കീബോർഡ്, ഗിറ്റാർ, വയലിൻ എന്നിവയിൽ പ്രാവീണ്യമുള്ള ഈ കലാകാരൻ 22 ഓഡിയോ ആൽബങ്ങളും 10 വീഡിയോ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: എൽസി. മക്കൾ: ക്രിസ്റ്റഫർ, ജാക്സൻ.