സ്പാനിഷ് ബൈബിളിന്റെ 457-ാം വാർഷികം ആഘോഷിച്ച് നിക്കരാഗ്വൻ ക്രൈസ്തവർ

മനാഗ്വ: സർക്കാർ തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾക്കും മതപരമായ വെല്ലുവിളികൾക്കും ഇടയിലും ആദ്യ സമ്പൂർണ്ണ സ്പാനിഷ് ബൈബിന്റെ 457-ാം വാർഷികം ആഘോഷിച്ച് നിക്കരാഗ്വയിലെ ക്രൈസ്തവ സമൂഹം. തലസ്ഥാനമായ മനാഗ്വയിലെ പ്ലാസ ഡി ലാ ബിബ്ലിയയിൽ ആഗസ്റ്റ് 12 ന് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. ബൈബിൾ കോൺഫറൻസുകൾ, പ്രാർത്ഥനാ ശുശ്രൂഷകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തിന് കീഴിൽ മതസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ സമ്മേളനം നടന്നത്. ക്രൈസ്തവ സംഘടനകളുടെയും സന്നദ്ധ സ്ഥാപനങ്ങളുടെയും നിയമപരമായ അംഗീകാരം റദ്ദാക്കൽ, സഭാ നേതാക്കൾക്കെതിരായ പീഡനങ്ങൾ, പൊതു ആരാധനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവ നിക്കരാഗ്വയിൽ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും ഓപ്പൺ ഡോർസ് ഉൾപ്പെടെയുള്ള സംഘടനകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻപ് വലിയ റാലികളോടെ നടത്തിയിരുന്ന ബൈബിൾ ദിനാഘോഷങ്ങൾ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായാണ് നടക്കുന്നത്.