ആഗസ്റ്റ് (AUGUST) 19
അന്ത്രയോസ് സ്ട്രാറ്റലേറ്റസ് രക്തസാക്ഷിത്വം

ചരിത്രം പരിശോധിക്കുമ്പോൾ ക്രൈസ്തവ സഭയിലെയും, ദൈവ വിശ്വാസത്തിന്റെയും പേരിൽ ആദിമ കാല രക്തസാക്ഷിയായ സൈന്യാധിപനായിട്ടാണ് അന്ത്രയോസ് സ്ട്രാറ്റലേറ്റസ് (Saint Andrew Stratelates) എന്ന് വ്യക്തി അറിയപ്പെടുന്നത്. “Stratelates” എന്ന ഗ്രീക്ക് പദത്തിന് “സൈന്യാധിപൻ” (Military Commander) എന്നർത്ഥമാണ്. അന്ത്രയോസ് സ്ട്രാറ്റലേറ്റസ് റോമൻ സാമ്രാജ്യത്തിലെ ഒരു ധീരനായ സൈനിക ഉദ്യോഗസ്ഥനായിരുന്നു. കർത്താവിലുള്ള തന്റെ വിശ്വാസവും ആശ്രയവും കാരണം അദ്ദേഹം തന്റെ സഹ സൈനികരിലും വലിയ സ്വാധീനം ചെലുത്തി. അന്ത്രയോസ് തന്റെ സൈന്യത്തെ ദൈവത്തിൽ കൂടുതൽ ആശ്രയിക്കാൻ പഠിപ്പിച്ചു.
ഒരു യുദ്ധത്തിൽ ശത്രുക്കളുടെ എണ്ണം വളരെ കൂടുതലായിരുന്നിട്ടും അദ്ദേഹം യുദ്ധത്തിൽ മുന്നിട്ടിറങ്ങി. ഒടുവിൽ, ആ യുദ്ധത്തിൽ വിജയം ലഭിച്ചതിനെ തുടർന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നിരവധി സൈനികർ ക്രിസ്തുവിൽ വിശ്വസിക്കാൻ ആരംഭിച്ചു. ഇത് റോമൻ അധികാരികളെ പ്രകോപിപ്പിച്ചു. അന്ത്രയോസിനെയും അദ്ദേഹത്തോടൊപ്പം ക്രിസ്തുവിശ്വാസം സ്വീകരിച്ച സൈനികരെയും വളരെ മൃഗയീമായി പീഡിപ്പിക്കുകയും ഒടുവിൽ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാൽ, AD 305, ഓഗസ്റ്റ് 19ന് റോമൻ അധികാരികൾ അന്ത്രയോസിനെയും അദ്ദേഹത്തോടൊപ്പം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഏകദേശം 2,593 സൈനികരെയും അർമേനിയയിലെ മലയോര പ്രദേശത്ത് വച്ച് വധിച്ചു എന്ന് ചരിത്രത്തിൽ കാണുവാൻ കഴിയും.
വിശ്വാസത്തിൽ ഉറച്ചുനിൽക്കുക, ഭയത്തിനിടയിലും ധൈര്യത്തോടെ സത്യത്തിന് സാക്ഷ്യം വഹിക്കുക, അധികാരത്തേക്കാളും സ്ഥാനത്തേക്കാളും ദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് പ്രാധാന്യം നൽകുക, മറ്റുള്ളവരെയും നല്ല വിശ്വാസത്തിലേക്ക് നയിക്കാൻ സ്വന്തം ജീവിതം മാതൃകയാക്കുക എന്നതാണ് അന്ത്രയോസ് സ്ട്രാറ്റലേറ്റസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.