തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് ഇനി മുതൽ പ്ലസ് ടു നിർബന്ധമില്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും ഡിഗ്രിക്ക് പ്രവേശനം നേടാം. യോഗ്യതകൾ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. എല്ലാ സർവകലാശാലകളിലും ഉത്തരവ് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രത്യേകത സമിതി ശുപാർശ പ്രകാരമാണ് നടപടി.
പത്താം ക്ലാസിന് ശേഷം ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. എൻസിആർഎഫ് (നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക്) അടിസ്ഥാനമാക്കിയുള്ള ഈ ഉത്തരവ് 2027-28 അധ്യയന വർഷം മുതലാണ് നടപ്പിൽ വരിക. അക്കാദമിക് പുരോഗതിക്കും അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ നയം. പത്താം ക്ലാസിന് ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിന് ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് (മൂന്നാം സെമസ്റ്റര്‍) ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്.