ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് താൻ നയിക്കുമെന്ന് പാസ്റ്റർ പ്രവചിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്
കൻസാസ് (യു.എസ്.): മറ്റാർക്കും സാധിക്കാത്ത വിധത്തിൽ ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കാൻ തനിക്ക് കഴിയുമെന്ന് ഒരു പാസ്റ്റർ തന്നോട് പ്രവചിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ 19 ന് കൻസാസിൽ നടന്ന റാലിയിൽ സംസാരിക്കവെ, ആ പാസ്റ്റർ പറഞ്ഞത് ‘ശരിയാണെന്ന് തെളിഞ്ഞു’ എന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. “ചരിത്രത്തിൽ മറ്റാർക്കും ലഭിക്കാത്തത്ര ക്രിസ്ത്യൻ വോട്ടുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കൽ വോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും എനിക്കൊപ്പമുണ്ട്. എനിക്ക് മറ്റാരെക്കാളും കൂടുതൽ കാര്യങ്ങൾ അറിയാം,” അദ്ദേഹം പ്രസ്താവിച്ചു. മതസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ചിലർ, അദ്ദേഹത്തിന്റെ സമീപനം സഭയും ഭരണകൂടവും തമ്മിലുള്ള വേർതിരിവിനെ ദുർബലപ്പെടുത്തുന്നതാണെന്നും, പൊതുജീവിതത്തിലും രാഷ്ട്രീയ മണ്ഡലത്തിലും ക്രിസ്തുമതത്തിന് മുൻഗണന നൽകുന്നതാണെന്നും വിമർശിച്ചിട്ടുണ്ട്. ഇറാൻ യുദ്ധത്തെ ന്യായീകരിക്കാൻ അദ്ദേഹത്തിന്റെ ഭരണകൂടം ബൈബിളിലെ ബിംബങ്ങൾ ഉപയോഗിച്ചതും വ്യത്യസ്ത അഭിപ്രായങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ആ പാസ്റ്റർ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തുകൊണ്ട് ട്രംപ് തുടർന്നു: “അദ്ദേഹം പറഞ്ഞു: ഒരുപക്ഷേ അദ്ദേഹം നമ്മളെപ്പോലെ ബൈബിൾ വായിക്കുന്നില്ലായിരിക്കാം. എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന് അറിയണമെന്നില്ല, മറ്റു കുറവുകളും അദ്ദേഹത്തിനുണ്ടാകാം. എന്നാൽ അദ്ദേഹത്തെക്കുറിച്ച് ഒരു കാര്യമുണ്ട്; അദ്ദേഹം ഏറ്റവും മികച്ച നേതാവാണ്. മറ്റാർക്കും സാധിക്കാത്ത വിധത്തിൽ ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് അദ്ദേഹം നയിക്കും. മറ്റാർക്കും കഴിയാത്ത കാര്യം! അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു”. ഡാളസിലെ 14,000 അംഗങ്ങളുള്ള ‘ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച്’ (First Baptist Church) നയിക്കുന്നതും, പ്രസിഡന്റിന്റെ ശക്തനായ പിന്തുണക്കാരനുമായ പാസ്റ്റർ റോബർട്ട് ജഫ്രെസ് ആണ് താൻ ഉദ്ദേശിച്ച ആ സഭാ നേതാവെന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 2024-ൽ, ഫോക്സ് ന്യൂസിൽ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിലും പ്രസിഡന്റ് ട്രംപ് ഇതേ കഥ പങ്കുവെച്ചിരുന്നു. തന്റെ രണ്ടാം ഭരണകാലത്ത്, തന്റെ നേതൃത്വത്തിന് കീഴിൽ “ക്രിസ്തുമതത്തിന്റെ വലിയൊരു നവോത്ഥാനം” നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, യുഎസ് ചരിത്രത്തിൽ വിശ്വാസകാര്യങ്ങളെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന (pro-faith) പ്രസിഡന്റ് താനാണെന്ന് സമർത്ഥിക്കുന്ന 250 കാരണങ്ങളുടെ ഒരു പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.