റിയാദ്: വിദഗ്ധ ചികിത്സക്ക് പിതാവിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ യു.കെ.യിൽ നിന്നെത്തിയ മകൾ സാക്ഷിയായത് പിതാവിന്റെ അന്ത്യയാത്രക്ക്. തൃശൂർ ജില്ലയിലെ ചെറുവള്ളൂർ സ്വദേശി വാഴപ്പിള്ളി ഹൗസിൽ ഇട്ടേര ദേവസ്സി (67) യാണ് നിര്യാതനായത്. ദേവസ്സിയുടെ മകൾ അന്ന യു.കെയിൽ നിന്ന് പിതാവിനായി കൊണ്ടുവന്ന വെള്ള വസ്ത്രത്തിൽ, അതെ പിതാവിന്റെ ഭൗതിക ശരീരം മൂടിയപ്പോൾ അന്നയ്ക്കും കണ്ടുനിന്നവർക്കും വിതുമ്പലടക്കാനായില്ല.

യു.കെയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അന്ന ഒക്ടോബർ രണ്ടിനാണ്, പിതാവിനെ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് കൂട്ടികൊണ്ട് പോകാനാണ് റിയാദിൽ എത്തിയത്. നാട്ടിലേക്കുള്ള യാത്രയിൽ ദേവസ്സിയെ ധരിപ്പിക്കാൻ വെള്ള ഷർട്ടും പാന്റ്സും ഷൂവും കരുതിയിരുന്നു. ഒടുവിൽ അതേ വസ്ത്രങ്ങൾ പിതാവിന്റെ അന്ത്യ യാത്രയ്ക്കായി അവൾക്ക് കൈമാറേണ്ടി വന്നു.
കഴിഞ്ഞ 33 വർഷ കാലമായി പ്രവാസിയായിരുന്ന ദേവസ്സി ആദ്യകാലത്ത് ഒരു വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് അൽ ഖർജിൽ സ്വന്തമായി ലോൺഡ്രി നടത്തുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ആദ്യം അൽ ഖർജിന് സമീപം ദിലത്തിലുള്ള പ്രിൻസ് സൽമാൻ ഇബ്ൻ മുഹമ്മദ് അൽ സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റിയാദിലെ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടത്തെ ചികിത്സയ്ക്കുശേഷം വീണ്ടും ദിലത്തിലെ ആശുപത്രിയിലെത്തിച്ച അദ്ദേഹം ഒക്ടോബർ 15ന് രാത്രി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെടുകയായിരുന്നു.