എത്യോപ്യയിൽ വ്യത്യസ്ത ആക്രമണങ്ങളിൽ 60ലധികം ക്രൈസ്തവർ കൊല്ലപ്പെട്ടു
ഒറോമിയ (എത്യോപ്യ): എത്യോപ്യയിലെ ഒറോമിയ മേഖലയിലെ ആക്രമണത്തിൽ 60 ക്രൈസ്തവർ കൊല്ലപ്പെട്ടതായി രാജ്യത്തെ ഓർത്തഡോക്സ് സഭാ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ കുട്ടികൾ ആണ്. ഒക്ടോബർ 20-ന് മെർട്ടി വൊറെഡയിൽ 14 വിശ്വാസികളും, ഒക്ടോബർ 24-ന് ഷെർക്ക വൊറെഡയിൽ 46ലധികം വിശ്വാസികളും കൊല്ലപ്പെട്ടതായി എത്യോപ്യൻ ഓർത്തഡോക്സ് ടെവാഹെഡോ സഭയുടെ ഹോളി സിനഡ് അറിയിച്ചു. 20 വീടുകൾ പൂർണ്ണമായി കത്തിനശിച്ചു. 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി തിങ്കളാഴ്ച പുറത്തിറക്കിയ സഭയുടെ പ്രസ്താവനയിൽ പറയുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ ഒറോമോ ലിബറേഷൻ ആർമി (OLA) ഉൾപ്പെടുന്ന ‘അലയൻസ് ഫോർ സർവൈവൽ’ എന്ന വിമത സഖ്യമാണെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ ആരോപിച്ചു. ഒറോമോ ലിബറേഷൻ ആർമി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണെന്നും രാജ്യത്തിൻ്റെ സമാധാനപരമായ സഹവർത്തിത്വത്തിന്റെ മൂല്യങ്ങളെ ഇത് തകർക്കുന്നുവെന്നും അതിക്രമത്തെ അപലപിച്ചുകൊണ്ട് ഓർത്തഡോക്സ് സഭ പറഞ്ഞു. സർക്കാർ തലങ്ങളിലെ അധികാരികളോട് നിരവധി തവണ തങ്ങളുടെ സുരക്ഷിതമല്ലാത്ത അവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടുണ്ടങ്കിലും ഇതുവരെ ഇതിനൊരു പരിഹാരം ഉണ്ടായിട്ടില്ലെന്നും സഭ വ്യക്തമാക്കി. എത്യോപ്യയിലെ ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗം ക്രൈസ്തവരാണ്. അതിൽ കൂടുതലും ഓർത്തഡോക്സ് വിഭാഗമാണ്. മൂന്നിൽ ഒരു ഭാഗം മാത്രമാണ് മുസ്ലീങ്ങൾ.