ഇന്ത്യക്കാരെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി
ചിക്കാഗോ: അമേരിക്കയിലുള്ള ഇന്ത്യക്കാരെക്കുറിച്ച് ഉയർന്നുവന്ന വംശീയ പരാമർശങ്ങൾക്കെതിരെയും കുടിയേറ്റ ചർച്ചകൾക്കെതിരെയും രൂക്ഷമായ പ്രതികരണവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഒരു പോഡ്കാസ്റ്റിൽ ഇന്ത്യൻ കുടിയേറ്റത്തെയും എച്ച്-1ബി (H-1B) വീസകളെയും കുറിച്ചു നടന്ന ചർച്ചകളും, അതിനെത്തുടർന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ ചർച്ചകൾക്ക് കാരണം. ഇന്ത്യൻ അമേരിക്കക്കാരെ ഒരു “ഇന്ത്യൻ പ്രശ്നമായി” ചിത്രീകരിക്കുന്നത് വംശീയവും വിദേശീയരോടുള്ള വെറുപ്പും നിറഞ്ഞതാണെന്നും, അത് അമേരിക്കൻ മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക ഏത് വംശത്തിനും മതത്തിനും അതീതമായി എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്ക എന്നത് രക്തബന്ധങ്ങളുടെ പേരിലല്ല, മറിച്ച് ആശയങ്ങളുടെ പേരിൽ ഉണ്ടായ രാജ്യമാണെന്നും കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.