പോപ്പ് ലിയോ 14-ാമന്‍ ശസ്ത്രക്രിയ വിജയകരം; അര്‍ബുദം സ്ഥിരീകരിച്ചു
വത്തിക്കാന്‍ സിറ്റി: പോപ്പ് ലിയോ പതിനാലാമന്‍ ശ്വാസകോശ അർബുദം സ്ഥിരീകരിച്ച് വത്തിക്കാൻ. മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ വച്ചു നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി എന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വീഡിയോ-അസിസ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തതെന്നും ശസ്ത്രക്രിയയ്ക്കിടെ നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ വിദഗ്ധര്‍ സംശയിച്ചിരുന്ന അര്‍ബുദ രോഗനിർണയം ശരിയാണെന്നും സ്ഥിരീകരിച്ചു.
ഏകദേശം മൂന്ന് മണിക്കൂറോളം പാപ്പ ശസ്ത്രക്രിയാ മുറിയിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് 90 മിനിറ്റോളം സമയമെടുത്തു. ശസ്ത്രക്രിയയ്ക്കുശേഷം പാപ്പ സാധാരണ നിലയിൽ ഉണരുകയും, അല്പനേരത്തെ നിരീക്ഷണത്തിനുശേഷം ആശുപത്രിയിലെ പത്താം നിലയിലുള്ള തന്റെ മുറിയിലേക്ക് മാറ്റുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു. വരും ദിവസങ്ങളിൽ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കലകളിൽ (tissue) തുടർപരിശോധനകൾ നടത്തും. അതോടൊപ്പം ലോകമെമ്പാടും എല്ലാവരും അദ്ദേഹത്തിൻ്റെ സൗഖ്യത്തിനായും ആരോഗ്യത്തിനായും പ്രാർത്ഥിക്കുവാനും വത്തിക്കാനിലെ ഔദ്യോഗിക വൃത്തങ്ങൾ അഭ്യർത്ഥിച്ചു.