നേപ്പാളിൽ അറസ്റ്റു ചെയ്യപ്പെട്ട കൊറിയൻ ക്രിസ്ത്യാനികളെ വിട്ടയച്ചു
കാഠ്മണ്ഡു: നേപ്പാളിൽ വിനോദസഞ്ചാര വിസയിലെത്തി മതപരമായ കാര്യങ്ങളിൽ ഏർപ്പെട്ടതിന് അറസ്റ്റു ചെയ്യപ്പെട്ട 24 ദക്ഷിണ കൊറിയൻ ക്രിസ്ത്യാനികളെ അധികൃതർ വിട്ടയച്ചു. ഒക്ടോബർ 9 നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. വിനോദസഞ്ചാര വിസയിൽ രാജ്യത്ത് എത്തിയ ഇവർ, മതപരമായ പഠനങ്ങളിലും പരിശീലനങ്ങളിലും പങ്കെടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. മൊറാങ് ജില്ലയിലെ സുന്ദർഹറൈച്ചയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കാഠ്മണ്ഡുവിലെ ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് ഇവരെ മാറ്റി. കോഷി പ്രവിശ്യയിലെ മൊറാങ്ങിലുള്ള ‘ന്യൂ കവനന്റ് കോളേജ്’ എന്ന ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ഒരു പരിപാടിയിൽ ഇവർ പങ്കെടുക്കുകയായിരുന്നു. ഒക്ടോബർ 14 ബുധനാഴ്ച 24 പേരെയും വിട്ടയച്ചു. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ നേപ്പാളിൽ, ക്രിസ്ത്യാനികളോടുള്ള സമീപനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഒരു മിഷനറി സംഘടനയുടെ സഹായത്തോടെയാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. ഇവരുടെ ചില പ്രവർത്തനങ്ങൾ വിനോദസഞ്ചാര വിസയുടെ നിബന്ധനകൾക്ക് വിരുദ്ധമാണെന്ന് പോലീസ് ആരോപിച്ചു. വിനോദസഞ്ചാര വിസയിൽ എത്തുന്ന വിദേശ പൗരന്മാർക്ക് നേപ്പാളിൽ മതപരമായ വിദ്യാഭ്യാസം നൽകുന്നതിനോ മതപ്രചാരണം നടത്തുന്നതിനോ അനുവാദമില്ല. അന്വേഷണത്തിനും, ആവശ്യമെങ്കിൽ നാടുകടത്തുന്നതിനുമായി കേസ് ഇമിഗ്രേഷൻ വിഭാഗത്തിന് കൈമാറി. സന്ദർശകർ ഒരു ബൈബിൾ കോളേജിനുള്ളിൽ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തതെന്നും, പരസ്യമായി മതപ്രചാരണം നടത്തിയിട്ടില്ലെന്നുമാണ് അറസ്റ്റു ചെയ്യട്ടവർക്കായി ഹാജരായവർ അറിയിച്ചത്. ക്രിസ്ത്യാനികൾക്കെതിരെ ഭരണകൂടം ബോധപൂർവം ശത്രുത കാണിക്കുന്നുണ്ടോ എന്ന ആശങ്ക ഈ അറസ്റ്റുകൾ ഉയർത്തുന്നുണ്ടെന്നും ഈ കോളേജിലെ പ്രിൻസിപ്പലായ ശരത് കെ.സി. പ്രതികരിച്ചു. 2013 മുതൽ നേപ്പാളിലെ ക്രിസ്ത്യാനികൾക്കായി ഈ കോളേജ് ദൈവശാസ്ത്ര കോഴ്സുകൾ നൽകിവരുന്നുണ്ട്. നേപ്പാൾ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തിന് രാജ്യത്ത് വിലക്കുണ്ട്.