യിസ്രായേലിനു അമേരിക്കയിൽ പിന്തുണ കുറയുന്നത് ബൈബിള്‍ അജ്ഞത കാരണമെന്ന് അംബാസിഡര്‍ ഹക്കാബി
ജെറുസലേം: അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ യിസ്രായേലിനോടുള്ള പിന്തുണ കുറയുന്നതിനും പൊതുജനാഭിപ്രായം എതിരാകുന്നതിനും കാരണം ബൈബിളിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതാണെന്ന് ജെറുസലേമിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി. ദീര്‍ഘ വര്‍ഷമായി ബാപ്റ്റിസ്റ്റ് പാസ്റ്ററായി സേവനമനുഷ്ഠിച്ച ഹക്കാബി അമേരിക്കന്‍ വാര്‍ത്താ ചാനലായ ‘ന്യൂസ് നേഷന്‍’ന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അമേരിക്കയില്‍ യിസ്രായേല്‍ വിരുദ്ധ വികാരം പടരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ വാര്‍ത്തകളും വിദേശ രാജ്യങ്ങളുടെ നുണ പ്രചാരണങ്ങളും, ഒരു ദൈവമുണ്ടെന്നും മനുഷ്യ ജീവിതത്തിന് ദൈവം നിശ്ചയിച്ച ചില നിയമങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരോടുള്ള അടങ്ങാത്ത വിദ്വേഷം, ബൈബിളിനെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ എന്നിവയാണ് ഈ ഘടകങ്ങള്‍.
ഇവയെല്ലാം ഒത്തുവരുമ്പോള്‍ ആളുകള്‍ യിസ്രായേലിനെതിരെ തിരിയുകയും എല്ലാ തെറ്റുകള്‍ക്കും യിസ്രായേലിനെ മാത്രം കുറ്റപ്പെടുത്തുകയും ചെയ്യുകയാണെന്ന് ഹക്കാബി ഓര്‍പ്പിച്ചു. എപ്രിലിൽ പ്യൂ റിസർച്ച് (Pew research Institute) നടത്തിയ ഒരു വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് യു.എസ്സിലെ മുതിർന്ന പൗരന്മാരിൽ 60 ശതമാനം പേർക്കും ഇസ്രായേലിനെക്കുറിച്ച് പ്രതികൂലമായ വീക്ഷണമാണ് ഉള്ളതെന്നാണ്.